'നവ മാധ്യമങ്ങള്‍ നന്മയുടെ വിളനിലങ്ങള്‍ ആകണം'
Tuesday, January 13, 2015 9:52 AM IST
മസ്കറ്റ്: ഇന്റര്‍നെറ്റ് അധിഷ്ടിത നവ മാധ്യമങ്ങള്‍ നന്മയുടെ വിളനിലങ്ങള്‍ ആകണമെന്ന് പ്രമുഖ പണ്ഡിതന്‍ പ്രഫ. പി.മുഹമ്മദ് കുട്ടശേരി. ആധുനിക സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ക്രിയാത്മകമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മനുഷ്യ പുരോഗതിക്കും മതധാര്‍മിക ചിന്തകള്‍ വളര്‍ത്താനും പോഷിപ്പിക്കാനും നാം ഇവയെ ഉപയോഗപ്പെടുത്തണം. നവമാധ്യമങ്ങള്‍ ഖുര്‍ആന്‍ പഠനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനുള്ള നല്ല ഉദാഹരണമാണ് ഈ ചടങ്ങ് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി.

കേരള ഇസ്ലാഹി ക്ളാസ് റൂം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്കായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സീനിയര്‍, ജൂണിയര്‍, കിഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടന്ന പരിപാടിയില്‍ അബ്ദുള്‍ ബാസിത് (യുഎഇ), ബിശാറ (കുവൈറ്റ്), മുഹമ്മദ് ത്വയിബ്, അഫിരിഫാദ് (ഖത്തര്‍), ഫാദിയ നൌഷാദ്, സല്‍മാന്‍ ഫാരിസി, ഐഷ സനം (യുഎഇ), നജീബ വാളപ്ര (സൌദി അറേബ്യ), കിഫ ഫാത്തിമ (കുവൈറ്റ്), നജില മുഹമ്മദ് (യുഎഇ) എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. ഇസ്മായില്‍ കരിയാട്, മമങ്കര അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം