മന്നത്ത് പദ്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു
Tuesday, January 13, 2015 4:32 AM IST
ന്യൂജേഴ്സി: ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 138-മത് ജന്മദിനമായിരുന്ന ജനുവരി രണ്ടിന് നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസോസിയേറ്റഡ്് മെംബേഴ്സ്) ജനുവരി ഒമ്പതിന് കൂടിയ യോഗത്തില്‍ മന്നത്തിന്റെ പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അനുസ്മരിച്ചു.

നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കാന്‍ അക്ഷീണം പ്രയത്നിച്ചു എന്നതാണ് മന്നത്തിന്റെ മഹത്വത്തിനാധാരമെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ പറഞ്ഞു.

ദുഷ്പ്രഭുത്വത്തിലും, അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും അകപ്പെട്ട് നായര്‍ സമുദായം തകര്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ വിദ്യയുടെയും നന്മയുടെയും അധ്വാനത്തിന്റെയും പാതയിലേക്ക് അവരെ നയിക്കാന്‍ മന്നത്ത് പദ്മനാഭന് സാധിച്ചു. എന്നാല്‍ ഒരു സമുദായത്തിന്റെ ഉയര്‍ച്ച മറ്റു സമുദായങ്ങള്‍ക്ക് ദോഷകരമാകരുതെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും എന്‍ എസ് എസിന്റെ പ്രതിജ്ഞയില്‍ അതുള്‍ക്കൊള്ളിക്കുകയും ചെയ്തു. അറിവിലൂടെ ഉയര്‍ച്ച എന്ന ആശയം മുന്‍നിര്‍ത്തി കേരളത്തിലുടനീളം അദ്ദേഹം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അവിടെ നാനാ ജാതിമതസ്ഥര്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നേടിക്കൊടുക്കാന്‍ വേണ്ടി വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് മന്നത്ത് പദ്മനാഭന്റെ മഹനീയാദര്‍ശത്തിന്റെ തെളിവാണെന്നും മാധവന്‍ നായര്‍ ഓര്‍മിപ്പിച്ചു.

2015ല്‍ നാമം കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രയോജനകരമായ പരിപാടികള്‍ നടത്തുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും സംഘടന ഭാരവാഹികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു.

റിപ്പോര്‍ട്ട്: വിനീത നായര്‍