സൌഖ്യദാനശുശ്രൂഷ സഭയുടെ ധര്‍മം: ഡോ. തോമസ് മാര്‍ അത്താനാസിയോസ്
Monday, January 12, 2015 9:55 AM IST
കുവൈറ്റ്: 'രോഗികളെ സൌഖ്യമാക്കുക' എന്ന യേശുക്രിസ്തുവിന്റെ ഉത്ബോധനം സഭ തിരിച്ചറിയണമെന്നും ശാരീരികവും മാനസികവുമായി തകര്‍ന്നും തളര്‍ന്നുമിരിക്കുന്നവരെ ശക്തീകരിക്കുവാന്‍ വേണ്ട കര്‍മ്മപദ്ധതികള്‍ സഭ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണവിഭാഗത്തിന്റെ കീഴില്‍ ഇക്കൊല്ലം ആരംഭിക്കുന്ന ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ (ഛങഎ) ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ സ്തേഫാനോസ് സഹദായുടെ പെരുനാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപോലീത്ത. ചടങ്ങില്‍ ഇടവകയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം മെത്രാപോലീത്ത നിര്‍വഹിച്ചു.

സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എല്ലാം ഈ ഫോറത്തിന്റെ അംഗങ്ങളാകണമെന്നും അതുവഴി യേശുക്രിസ്തുവിന്റെ സൌഖ്യദാനനിയോഗം നിര്‍വഹിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രോഗങ്ങളും രോഗികളും വര്‍ധിച്ചുവരുന്ന ആധുനികകാലഘട്ടത്തില്‍ രോഗനിര്‍ണയത്തിനും ചികിത്സയുമുള്ള വിദഗ്ധവൈദ്യോപദേശം നല്‍കുക, ആതുരസേവനരംഗത്തുള്ള സഭയുടെ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വിദഗ്ധരുടെ സേവനം ലഭ്യമാക്കുക, വൃദ്ധര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും പാലിയേറ്റീവ് കെയര്‍ സംവിധാനം ഒരുക്കുക, നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുക തുടങ്ങിയവയാണ് ഛങഎന്റെ ലക്ഷ്യങ്ങള്‍.

സഭാമാനവശാക്തീകരണവിഭാഗം ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ് പദ്ധതി അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. ഇടവകവികാരി ഫാ. സജു ഫിലിപ്പ്, വെരി റവ. മാത്യൂസ് ഓലിക്കല്‍ കോര്‍എപ്പിസ്കോപ്പ, ഡോ. ബോബി ചെറിയാന്‍, ഡോ. നോബിള്‍ സഖറിയ, അമ്പിളി ജോണ്‍സണ്‍, ഇടവക സെക്രട്ടറി ഷാജു പി. ജോണ്‍, ഇടവക ട്രസ്റി ലാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കുവൈറ്റ് സോണില്‍, ഇടവകയിലും നടന്ന വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍