ബ്രിട്ടോസ് ഡാന്‍സ് സ്കൂള്‍ ഒരുക്കിയ ഫ്രീസ്റ്റൈല്‍ ഡാന്‍സ് ദൃശ്യവിസ്മയ വിരുന്ന് സമ്മാനിച്ചു
Monday, January 12, 2015 9:50 AM IST
ജിദ്ദ: ബ്രിട്ടോസ് ഡാന്‍സ് സ്കൂള്‍ ഒരുക്കിയ ഫ്രീസ്റ്റൈല്‍ ഡാന്‍സ് ജിദ്ദയിലെ കലാസ്വാദകര്‍ക്ക് ദൃശ്യവിസ്മയ വിരുന്ന് സമ്മാനിച്ചു. ഡാന്‍സ് മാസ്റര്‍ ഷിന്റോയ് ആന്റണിയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കുട്ടികളാണ് ചടുല താളങ്ങള്‍ക്കൊപ്പിച്ച് ചുവടുകള്‍വച്ചത്.

ബ്രിട്ടോസ് ഡാന്‍സ് സ്കൂളിന്റെ ഏഴാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡസര്‍ട്ട് ഡാന്‍സേഴ്സ് കിഡ്സ് ഡാന്‍സ് ഫെസ്റ് എന്ന പേരിലായിരുന്നു നൃത്ത വിരുന്നൊരുക്കിയത്. നാല്‍പ്പതോളം കുരുന്നുകള്‍ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങളില്‍ പങ്കാളികളായി. ബോളിവുഡ് സ്റ്റൈല്‍ ഉള്‍പ്പെടെ ഫ്രീസ്റ്റൈല്‍ നൃത്തങ്ങള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കിലും പ്രാധാന്യം ചോര്‍ന്നു പോകാതെ ക്ളാസിക്കല്‍ ഡാന്‍സിനും ഇടം നല്‍കിയായിരുന്നു അവതരണം. ദേശസ്നേഹം പ്രകടിപ്പിക്കുന്ന നൃത്തത്തോടെയായിരുന്നു പരിപാടിക്ക് തുടക്കം. കുട്ടികള്‍ക്കു പുറമെ പ്രസീദ മനോജ്, നേഹ ജോജിമോന്‍, ജൂലിയറ്റ് ജോയിച്ചന്‍ എന്നിവരും നൃത്തമാടി. ജെയ്ദീപ് പിള്ള, ജമാ. പാഷ, നൂഹ് ബീമാപള്ളി, സംഗീത രാജീവ് എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിക് മുഖ്യാതിഥിയായിരുന്നു. ജിദ്ദ കേരളൈറ്റ്സ് ഫോറം കണ്‍വീനര്‍ പി.പി. റഹീം, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞ്, പ്രസീദ മനോജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഡാന്‍സ് മാസ്റര്‍ ഷിന്റോയ് ആന്റണി സ്വാഗതവും ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ സതീഷ് നന്ദിയും പറഞ്ഞു. ഇവന്റ് കോഓര്‍ഡിനേറ്റര്‍മാരായ അന്‍വര്‍, ജോഷി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വോളന്റിയര്‍ സംഘം പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഷിന്റോയ് ആന്റണി ട്രോഫികള്‍ സമ്മാനിച്ചു. വീസി മോള്‍ ബിജുവും അലീന ഫാത്തിമും അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍