പാരീസിലെ കൂട്ടക്കൊല: പ്രതികളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ പോലീസ് അറിഞ്ഞിരുന്നു
Sunday, January 11, 2015 7:10 AM IST
പാരീസ്: ഷാര്‍ലി എബ്ഡോ മാസികയുടെ ഓഫിസില്‍ വെടിവയ്പ് നടത്തി 12 പേരെ കൊന്ന സഹോദരങ്ങളുടെ ക്രിമിനല്‍ ബന്ധത്തെപ്പറ്റി പത്തു വര്‍ഷമായി പോലീസിന് വിവരം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

ചെറിയ ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്ന ചരിത്രമാണ് വര്‍ഷങ്ങളായി ഇവര്‍ക്കുള്ളത്. പിന്നീട് മതം മാറി തീവ്രവാദത്തിലേക്കു തിരിയുകയായിരുന്നുവത്രെ.

മുപ്പത്തിനാലുകാരനായ സെയ്ദ് കൌവാച്ചി, അനുജന്‍ 32 വയസുള്ള ഷെരീപ് കൌവാച്ചി എന്നിവര്‍ ഫ്രഞ്ച് പോലീസിന്റെ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. പരാജയപ്പെട്ട ജീവിതമാണ് ഇവരെ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നയിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തീവ്രവാദ സംഘടനയില്‍ ചേര്‍ന്നശേഷം ഇവര്‍ക്ക് കൊലപാതകത്തില്‍ പ്രത്യേകം പരിശീലനം നല്‍കുകകായിരുന്നു. പിസ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷെരീഫ് മയക്കുമരുന്നിന് അടിമയായിരുന്നു. 2005ല്‍ റാപ്പറായി ഫ്രഞ്ച് ടിവിയിലും പ്രത്യക്ഷപ്പെട്ടു.

പാരിസിലെ ഒരു ഇമാമാണ് ഇരുവരെയും മതം മാറ്റി തീവ്രവാദത്തിന്റെ വഴിയിലൂടെ നടത്തിയതെന്നാണ് സൂചന. 2005ലാണ് ഭീകര ബന്ധം ആരോപിച്ച് ഇവരെ ആദ്യമായി അറസ്റ് ചെയ്യുന്നത്. തുടര്‍ന്നിങ്ങോട്ട് പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെയായിരുന്നു.

സെയ്ദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയോടൊപ്പം മറ്റൊരു സ്ഥലത്താണ് ഷെരീഫ് താമസിച്ചിരുന്നത്. ഷെരീഫിന്റെ വീട്ടില്‍നിന്ന് തീവ്രവാദ വീഡിയോകളും ബാല ലൈംഗിക ചിത്രങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍