പാരീസ് ദുരന്തം: ജര്‍മന്‍ ചാന്‍സലര്‍ ദുഃഖം രേഖപ്പെടുത്തി
Friday, January 9, 2015 10:01 AM IST
ബര്‍ലിന്‍: ഫ്രഞ്ച് മാസികയായ ഷാര്‍ളി എബ്ഡോക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ സ്മരണയ്ക്ക് പ്രണാമം അര്‍പ്പിച്ച് ബര്‍ലിനിലെ ഫ്രഞ്ച് എംബസിയിലെ ബുക്കില്‍ ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ അനുശോചന കുറിപ്പെഴുതി ജര്‍മനിയുടെ ദുഃഖം അറിയിച്ചു.

ജര്‍മന്‍ ജനതയുടെ അഗാധ സ്നേഹവും സഹതാപവും പൂര്‍ണമായും ഫ്രഞ്ചു ജനതയ്ക്കൊയ്ക്കൊപ്പമുണ്ടെന്നും അകാലത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് ബുക്കില്‍ രേഖപ്പെടുത്തി. ഫ്രാന്‍സിനൊപ്പം ജര്‍മനിയും ഭീകരര്‍ക്കെതിരെ ശക്തമായി പൊരുതുമെന്നും സ്വാതന്ത്യ്രം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു കൈകോര്‍ത്തെന്നും മെര്‍ക്കല്‍ പറഞ്ഞു. പത്രസ്വാതന്ത്യ്രം ജനാധിപത്യ രാജ്യങ്ങളുടെ മുഖമുദ്രയാണെന്നു ചൂണ്ടിക്കാട്ടിയ മെര്‍ക്കല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍കൊണ്ട് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാവില്ല എന്നും ബര്‍ലിനില്‍ മെര്‍ക്കല്‍ പറഞ്ഞു.

ഇതിനിടെ ജര്‍മനിയിലെ ഇസ്ലാം വിരുദ്ധ ഗ്രൂപ്പായ പെഗിഡ ജനുവരി 12ന് (തിങ്കള്‍) നടത്താനിരിക്കുന്ന പ്രകടനത്തില്‍ അംഗങ്ങള്‍ കൈത്തണ്ടയില്‍ കറുത്ത റിബണ്‍ ധരിച്ചു പങ്കെടുക്കുമെന്ന് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍