എട്ടു വര്‍ഷത്തിനുശേഷം മലയാളി യുവാവിനു ബന്ധുക്കളെ തിരിച്ചു കിട്ടി
Friday, January 9, 2015 9:55 AM IST
ന്യൂഡല്‍ഹി: എട്ടു വര്‍ഷം മുമ്പ് മുംബൈയില്‍നിന്നും കാണാതായ മാനസികസ്വാസ്ഥ്യമുള്ള യുവാവിന് ബന്ധുക്കളെ തിരിച്ചു കിട്ടി. ജോസഫ് ജോര്‍ജ് എന്ന 32 കാരനാണ് ബന്ധുക്കളെ തിരിച്ചു കിട്ടിയത്.

കഴിഞ്ഞ അഞ്ചു മാസങ്ങളായി ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലുള്ള ആകാശപറവകള്‍ സ്വാരംഗ് ധാവര്‍ ആശ്രമത്തിന്റെ സംരക്ഷണയില്‍ കഴിയുകയായിരുന്നു ഈ യുവാവ്. ഇദ്ദേഹം നല്‍കിയ സൂചനകള്‍ വച്ച് ഡല്‍ഹി മലയാളി അസോസിയേഷന്‍ ആര്‍കെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജി കുമാര്‍ എടക്കര പോലീസ് സ്റേഷനിലെ മുജീബ് എന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പ്രദേശത്ത് അന്വേഷണം നടത്തിയതിന്റെ ഫലമായി ബന്ധുക്കളെ സംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുംബൈയില്‍ സ്ഥിരതാമസക്കാരായ മാതാപിതാക്കളെ ബന്ധപ്പെട്ടതിനെതുടര്‍ന്ന് മാതാവ് വത്സമ്മ ഡല്‍ഹിയില്‍ വരികയും ആകാശപറവകളില്‍നിന്ന് മകനെ സ്വീകരിക്കുകയായിരുന്നു. ടിക്കറ്റ് ലഭിക്കുന്നതനുസരിച്ച് ജോസഫ് മുംബൈയിലേക്ക് തിരിക്കും.

സ്വാരംഗ് ധാവര്‍ ആശ്രമത്തില്‍ ഇപ്പോള്‍ 63 അന്തേവാസികള്‍ ഉണ്ട്. ഇക്കാലത്തിനിടയ്ക്ക് 83 പേരെ സ്വന്തം വീടുകളിലേക്ക് തിരിച്ചു എത്തിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും യാതൊരു സാമ്പത്തിക സഹായവും ലഭിക്കാതെ ഇവര്‍ നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായത്തിലാണ് നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്