റാസല്‍ഖൈമ കേരള സമാജം കായിക മേള ആവേശമായി
Thursday, January 8, 2015 10:09 AM IST
റാസല്‍ഖൈമ: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി റാസല്‍ഖൈമ കേരള സമാജം മൂന്ന് ദിവസം നീണ്ടു നിന്ന കായിക മേള സംഘടിപ്പിച്ചു.

യുഎഇ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം ആയിഷ നൌഷാദ് ഖാന്‍ ഉദ്ഘാടനം ചെയ്ത മേളയില്‍ സൂപ്പര്‍ സിക്സ് ക്രിക്കറ്റ്, വടം വലി തുടങ്ങിയ മല്‍സരങ്ങളിലായി 30ഓളം ടീമുകള്‍ തമ്മില്‍ മാറ്റുരച്ചു. സൂപ്പര്‍ സിക്സ് ഫൈനലില്‍ അല്‍ മന്‍സിര്‍ റോകും സ്കോളേഴ്സ് ടീമും തമ്മില്‍ നടന്ന വാശിയേറിയ മല്‍സരത്തിനൊടുവില്‍ അല്‍മന്‍സിര്‍ റോക് ടീം ജേതാക്കളായി. കള്‍ച്ചറല്‍ ടീം അസോസിയേഷനും റോയല്‍ ടീമും തമ്മില്‍ നടന്ന വടംവലി ഫൈനലില്‍ കള്‍ച്ചറല്‍ ടീമിനായിരുന്നു വിജയം.

റാക് ഇന്ത്യന്‍ അസോസിയേഷന്‍ സ്പോര്‍ട്സ് സെക്രട്ടറി അഡ്വ. പ്രദീപ്കുമാര്‍, ഡിജൊ, സാദിഖ് തുടങ്ങിയവരായിരുന്നു മല്‍സരങ്ങളിലെ അമ്പയര്‍മാര്‍. സമാജം അങ്കണത്തില്‍ നടന്ന മല്‍സരം വീക്ഷിക്കാന്‍ നിരവധിയാളുകള്‍ എത്തിയത് മല്‍സരങ്ങള്‍ക്ക് വീറും വാശിയും നല്‍കി. സമാജത്തെ കായിക, കലാ പരിപാടികളിലൂടെ സജീവമായി നിലനിര്‍ത്തുന്ന പുതിയ ഭരണസമിതിയെ ജനങ്ങള്‍ അഭിനന്ദിച്ചു. മല്‍സര വിജയികള്‍ക്ക് സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, വൈസ് പ്രസിഡന്റ് തോമസ്, ജനറല്‍ സെക്രട്ടറി നാസര്‍ അല്‍മഹ, സ്പോര്‍ട്സ് സെക്രട്ടറി ഷാനവാസ്, ഇന്ത്യന്‍ സ്കൂള്‍ ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റഹീം, എന്റര്‍ടെയ്മെന്റ് സെക്രട്ടറി നസീര്‍ മത്രംകോട് എന്നിവര്‍ ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു. തോമസ്, ഷാനവാസ്, ഷുക്കൂര്‍ തൊഴിയൂര്‍, ഷാനിയാസ്, ഷനോജ്, ഡിജൊ, സാദിഖ്, ഗഫൂര്‍, ബാബു തുടങ്ങിയവര്‍ കായികോല്‍സവത്തിന് നേതൃത്വം നല്‍കി.

പ്രവാസി സ്ത്രീകളുടെ സാംസ്കാരിക, കലാ കഴിവുകള്‍ വളര്‍ത്തുന്നതിനായി വനിതാ വേദിയും കുട്ടികളുടെ വളര്‍ച്ച ലക്ഷ്യമാക്കി ബാലവേദിയും റാസല്‍ ഖൈമ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ അടുത്തുതന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള