മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
Thursday, January 8, 2015 10:08 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങള്‍ വര്‍ണാഭമായി. ഡിബര്‍ലി മെതോഡിസ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. സീറോ മലങ്കര ചാപ്ളയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നല്‍കി. ക്ഷണികമായ ജീവിതത്തില്‍ മനുഷ്യര്‍ നല്ല മാതൃകകളായി ജീവിക്കുവാനും മറ്റുളളവര്‍ക്ക് വെളിച്ചം പകരുവാനും അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

ജാതി മത ചിന്തകള്‍ക്ക് അതീതമായി മാഞ്ചസ്ററിലെ മുഴുവന്‍ മലയാളികള്‍ക്കും ഒത്തുക്കൂടി സൌഹൃദം പങ്കിടുവാനുളള വേദിയാണ് എംഎംസിഎ എന്ന് പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ പ്രസംഗത്തില്‍ ഉദ്ബോദിപ്പിച്ചു. തുടര്‍ന്ന് കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ വേദിയില്‍ എത്തിയ സാന്താക്ളോസ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. ഏബ്രഹാം ചെറിയാന്‍ സാന്താക്ളോസായി വേഷമിട്ടു.

കേക്ക് മുറിച്ച് സൌഹൃദം പങ്കിട്ടതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തിയതോടെ കാണികള്‍ക്ക് നിറ വിരുന്നായി. കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ലിസി ഏബ്രഹാം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എംഎംസിഎ ഡാന്‍സ് സ്കൂള്‍ കുട്ടികള്‍ വേദിയില്‍ തിമിര്‍ത്ത് ആടിയപ്പോള്‍ ഏവര്‍ക്കും മികച്ച വിരുന്നായി. ഫാഷന്‍ ഷോയെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഡേ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അസോസിയേഷന്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതവും വൈസ് പ്രസിഡന്റും പിആര്‍ഒയുമായ ബെന്നിച്ചന്‍ മാത്യു നന്ദിയും രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍