ഏറ്റവും സുരക്ഷിത വിമാന സര്‍വീസുകളില്‍ എമിറേറ്റ്സും ഇത്തിഹാദും
Thursday, January 8, 2015 10:06 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പോയ വര്‍ഷം വ്യോമയാന രംഗത്ത് ദുരന്തങ്ങളുടെ വര്‍ഷം ആയിരുന്നു. മലേഷ്യന്‍ വിമാന ദുരന്തം, എയര്‍ഏഷ്യാ വിമാന ദുരന്തം എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ പല അപകടങ്ങള്‍ സംഭവിച്ച വര്‍ഷം. വിദേശയാത്ര നടത്തുന്ന പ്രവാസികളെയും യാത്രക്കാരെയും സംബന്ധിച്ച് വിമാനാപകടങ്ങള്‍ ഏറെ ഞെട്ടലുണ്ടാക്കുന്നവയാണ്. ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്താണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ സര്‍വീസുകളെപ്പറ്റി യാത്രക്കാര്‍ അന്വേഷിക്കുന്നത്.

ലോകത്തിലെ മിക്കവാറും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതമാണ് എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍ലൈന്‍ സര്‍വീസുകള്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഈ രണ്ട് എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, ബ്രിട്ടീഷ് എയര്‍വേയ്സ്, കാത്തി പസഫിക്, ഇവാ എയര്‍, ഫിന്‍ എയര്‍, ലുഫ്ത്താന്‍സാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയാണ് മറ്റുള്ളവ.

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളെ എയര്‍ലൈന്‍സ് റേറ്റിംഗ് ആണ് കണ്െടത്തിയത്. ലോകത്തെ 449 വിമാനകമ്പനികളെ തെരഞ്ഞെടുത്തു നടത്തിയ സര്‍വേയിലാണ് ഈ പത്ത് എയര്‍ലൈന്‍ കമ്പനികള്‍ ഏറ്റവും സുരക്ഷിതമായ കമ്പനികളായി കണ്െടത്തിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍