ഭരത് മുരളി നാടകോത്സവം: അവാര്‍ഡ് പ്രഖ്യാപനം ജനുവരി എട്ടിന്
Thursday, January 8, 2015 8:04 AM IST
അബുദാബി: ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അവസാനമായി അരങ്ങേറിയ തിയറ്റര്‍ ദുബൈയുടെ 'ഹംസഗീതം' സൂവീരന്‍ ടച്ചിനാല്‍ ശ്രദ്ധേയമായി. ഇബ്സന്റെ മാതൃകയില്‍ ജി. ശങ്കരപിള്ള രചിച്ച 'ഭരതവാക്യം' എന്ന നാടകത്തിന്റെ പുനരവതരണമായ ഹംസഗീതം സുവീരന്റെ സംവിധാനത്തില്‍ അരങ്ങേറിയപ്പോള്‍ മികവുള്ളൊരു കലാസൃഷ്ടിയായി.

തന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനുവേണ്ടി യാത്രചെയ്ത വഴികളെയോര്‍ത്ത് ഖേദിക്കുന്ന കാഴ്ച നഷ്ടപ്പെട്ട നാടകക്കാരന്റെ ജീവിതമാണ് ഹംസഗീതത്തില്‍ വരച്ചുകാട്ടിയത്.

നാടകത്തിലെ 'നടന്‍' എന്ന കഥാപാത്രം നാടകത്തിന്റെ അരങ്ങില്‍ നിന്നുമാത്രമല്ല ജീവിതത്തില്‍ നിന്നുതന്നെ നിഷ്ക്രമിക്കുകയാണ്. അയാളെ സംബന്ധിച്ചിടത്തോളം നാടകവും ജീവിതവും സമാന്തരരേഖകളായി നീണ്ടുപോകുന്നു. നാടകത്തിലെ അവസാനരംഗവും അഭിനയിച്ചുകഴിഞ്ഞ് അനുനിമിഷം അന്ധനായി മാറിക്കൊണ്ടിരിക്കുന്ന അയാള്‍ നാടകട്രൂപ്പില്‍ നിന്നും പിരിച്ചുവിട്ട് നിരാശനായി സ്വന്തം മുറിയിലെത്തുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ബോധതലവും അബോധതലവും തമ്മിലുള്ള ഏറ്റുമുട്ടലാണ്.

വര്‍ത്തമാനകാലവും വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേയ്ക്കുള്ള പ്രയാണവും പ്രധാനമായി നടന്‍, നടി, മിത്രം എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് സംഭവിക്കുന്നത്. യഥാര്‍ഥ നാടക രീതികളുടെ നിഷേധമാണെങ്കില്‍ കൂടി കൂടുതല്‍ സ്വാതന്ത്യ്രവും സാധ്യതകളും നല്‍കുന്ന ഒരു ശൈലിയായിരുന്നു ഇത്. നല്ലൊരു പ്രമേയം വിവിധങ്ങളായ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് അവതരിപ്പിച്ചത്.

നടന്‍ എന്ന കഥാപാത്രത്തിനു ജീവന്‍ പകര്‍ന്ന ഷാജഹാനും ബാല്യകാലസഖിയും കാമുകിയും നടിയും ഗാന്ധാരിയുമായി അഭിനയിച്ച സ്മിത ബാബുവും മിത്രമായി വേഷമിട്ട ഡോ. ആരിഫ് കണ്േടാത്തും നാടകത്തില്‍ പകര്‍ന്നാടുകയായിരുന്നു.

മണി കുഞ്ഞിക്കുട്ടന്‍, അഷറഫ് കിരാലൂര്‍, സന്തോഷ് സാരംഗ്, ബാബു ഗോവിന്ദ്, വാസുദേവന്‍ ബാബു, വിജയന്‍, ബിജു കാഞ്ഞങ്ങാട് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. വിജു ജോസഫ് (സംഗീതം), സുവീരന്‍, രവി പട്ടേന, മനു ഐസക്ക് (പ്രകാശവിതാനം), ശശി വെള്ളിക്കോത്ത് (രംഗസജ്ജീകരണം), സന്തോഷ് സാരംഗ് (ചമയം) എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.

ഹംസഗീതത്തോടെ ഭരത് മുരളി നാടകോത്സവത്തിന്റെ ഒരു മാസകാലത്തിനു പരിസമാപ്തിയായി. പ്രശസ്ത നാടക ചലച്ചിത്ര പ്രവര്‍ത്തകരായ പ്രഫ. അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

നാടകോത്സവത്തിന്റെ വിധിപ്രഖ്യാപനവും അവാര്‍ഡ് ദാനവും ജനുവരി എട്ടിന് (വ്യാഴം) രാത്രി 8.30ന് വിവിധ പരിപാടികളോടെ അരങ്ങേറും. മിച്ച നാടകം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകന്‍, മികച്ച നടന്‍, രണ്ടാമത്തെ നടന്‍, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച ബാലതാരം, രണ്ടാമത്തെ ബാലതാരം, മികച്ച പ്രകാശ സംവിധാനം, ചമയം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നീ വിഭാഗങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. കൂടാതെ യുഎഇയില്‍ നിന്നുള്ള ഏറ്റവും നല്ല സംവിധായകനും നല്ല രചനക്കും അവാര്‍ഡ് നല്‍കും.

നാടകോത്സവത്തിന്റെ ഭാഗമായി യുഎഇയിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ഏകാംഗ നാടക രചനാ മത്സരത്തിലെ വിജയികളേയും വേദിയില്‍ പ്രഖ്യാപിക്കുമെന്ന് കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള