ഹാരിസ്ബര്‍ഗ് മലയാളികള്‍ ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ചു
Wednesday, January 7, 2015 7:44 AM IST
പെന്‍സില്‍വാനിയ: സസ്ക്വഹാന മലയാളി അസോസിയേഷന്‍ (ടങഅ) സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം വേറിട്ട അനുഭവമായി.

ജനുവരി മൂന്നിന് വൈകുന്നേരം കൊളോണിയല്‍ യുണൈറ്റഡ് ചര്‍ച്ച് ഹാളില്‍ നടന്ന പരിപാടി സെന്‍ട്രല്‍ പെന്‍സില്‍വാനിയയിലെ മലയാളികളുടെ കൂട്ടായ്മയ്ക്ക് വേദി ഒരുക്കി. കുമാരി നായരുടെ പ്രാര്‍ഥനക്കുശേഷം കൊച്ചു കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

ഉണ്ണിയേശുവിന്റെ ജനനവും നക്ഷത്രങ്ങള്‍ വെളിച്ചം കാണിച്ചു കിഴക്ക് നിന്നുള്ള രാജാക്കന്മാരുടെ സന്ദര്‍ശനവും വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കപ്പെട്ടു. ക്രിസ്മസ് മാനവ സമൂഹത്തിനു നല്‍കുന്ന മഹത്തായ സന്ദേശത്തെ ഡോ. ഏബ്രഹാം മാത്യു തന്റെ സന്ദേശത്തിലൂടെ അംഗങ്ങളെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പുതുമനിറഞ്ഞ നിരവധി കലാ പരിപാടികള്‍ അരങ്ങേറി. നടനവും നാദവും ഉപകരണ സംഗീതവുമെല്ലാം നിറഞ്ഞാടിയ കലയുടെ മാമാങ്കം ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ചു. അസോസിയേഷന്റെ ഭാവികാല പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രസിഡന്റ് ഡോ. വിശ്വനാഥ് അയ്യര്‍ പ്രസംഗിച്ചു. ലോകമെമ്പാടുമുള്ള യുവതലമുറയുടെ ആവേശമായി മാറിക്കഴിഞ്ഞ എഘഘ (എശൃ ഘലഴീ ഘലമഴൌല) നെക്കുറിച്ച് പോള്‍ ചെമ്മണ്ണൂര്‍ നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദവും കൂടുതല്‍ കുട്ടികള്‍ക്ക് ഈ മത്സരത്തെക്കുറിച്ച് മനസിലാക്കുന്നതിനും ഉപകരിച്ചു. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ കലോത്സവമായ 'സംഗമം 2014' ല്‍ പങ്കെടുത്ത ടങഅ യുടെ കലാകാരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളായ അനിത സുരേഷ്, ദിവ്യ രഘു, റീജ ജോര്‍ജ്, ശ്രേയ ജേക്കബ് തുങ്ങിയവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജിംഗിള്‍ ബെല്ലിന്റെ അലയൊലിക്കൊപ്പം ജാഫിന്‍ ജെയിംസ് സാന്താക്ളോസായി വേദിയിലെത്തി കുട്ടികളെ കൈയിലെടുത്തു. ആന്‍ ആന്‍ഡ് ജാഫിന്‍ ജെയിംസ്, റജീന ആന്‍ഡ് ബ്ളെസന്‍ ജോസഫ്, രശ്മി ആന്‍ഡ് രാജേഷ് തമ്പി എന്നിവര്‍ ആതിഥേയത്വം വഹിച്ച ചടങ്ങില്‍ സെക്രട്ടറി സുനില്‍കുമാര്‍ ഗോവിന്ദന്‍കുട്ടി സ്വാഗതവും എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍ അനിത സുരേഷ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജെയിംസ് കുഴിപ്പള്ളില്‍