എല്ലാ പ്രവാസികള്‍ക്കും ആജീവനാന്ത വീസ അനുവദിച്ചു
Wednesday, January 7, 2015 7:43 AM IST
ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി ഒരു പുതിയ സമ്മാനമാണ് നരേന്ദ്ര മോദി നല്‍കിയത്. വളരെ നാളായി പ്രവാസികളുടെ പ്രധാന ആവശ്യമായ ആജീവനാനന്ത വീസയാണ് ഈ സമ്മാനം. പ്രവാസികളുടെ ആജീവനാന്ത വീസയ്ക്കുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു ആജീവനാന്ത വീസ. പേഴ്സ്ണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) എന്നീ കാര്‍ഡുകള്‍ ഒന്നിപ്പിച്ച് ഇന്ത്യന്‍ പൌരത്വ നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ആണ് രാഷ്ട്രപതി ഒപ്പുവച്ചത്. ആജീവനാന്ത വീസ ലഭിക്കുന്നതൊടൊപ്പം പോലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന പഴയ വ്യവസ്ഥ അസാധുവായി.

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജമണിയാണ് ഇതും സംബന്ധിച്ച വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കുന്നതിനും പുതിയ നിയമം സഹായകമാകും. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചാല്‍ പോലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയും ഈ ഓര്‍ഡിനന്‍സിലൂടെ ഇല്ലാതാകുന്നു. പ്രവാസികളെ ഏറെ അലട്ടിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്. പുതിയ നിയമഭേദഗതി പ്രകാരം പിഐഒ, ഒസിഐ കാര്‍ഡുകള്‍ ഒന്നാവുകയും പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡര്‍ എന്ന ഒറ്റ നിര്‍വചനത്തിന് കീഴിലാവുകയും ചെയ്യും.

ഇന്ത്യക്കാരെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷം രാജ്യത്ത് തങ്ങിയാല്‍ മാത്രമേ ഇന്ത്യന്‍ പൌരത്വം നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയിലും ഇളവ് വരുത്തും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍