ഒമാന്‍ ഇന്ത്യാ നയതന്ത്ര ബന്ധത്തിന്റെ അറുപതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
Wednesday, January 7, 2015 7:40 AM IST
മസ്കറ്റ്: 1955 ല്‍ മസ്കറ്റില്‍ ആരംഭിച്ച ഇന്ത്യയുടെ കോണ്‍സുലര്‍ ഓഫീസ് സ്ഥാനപതി കാര്യാലയമായി ഇന്നു നിലനില്‍ക്കുമ്പോള്‍ ഒമാന്‍ ഇന്ത്യാ നയതന്ത്ര ബന്ധത്തിന്റെ അറുപതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി സ്ഥാനപതി ജെ.എസ്.മുകുള്‍ പറഞ്ഞു.

ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മസ്കറ്റ് പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ തീരദേശ സേനയുടെ കപ്പലായ ഐസിജിഎസ് വിജിത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്.

കപ്പലിന്റെ കമാന്റിംഗ് ഓഫീസര്‍ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രാകേഷ് പാല്‍, ഇന്ത്യയുടെ ഒമാനിലെ പ്രതിരോധ ഉപദേശകന്‍ അരുണ്‍ദേവ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വര്‍ഷം നൂറ് ഒമാനികള്‍ക്ക് ആര്‍മി, നേവി ഉള്‍പ്പെടെ ഇന്ത്യയില്‍ പരിശീലനം നല്‍കുമെന്ന് സ്ഥാനപതി പറഞ്ഞു. സുല്‍ത്താന്‍ ആംഡ് ഫോഴ്സ് ആയിരിക്കും അര്‍ഹതപ്പെട്ട ഒമാനികളെ തെരഞ്ഞെടുക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 180 ല്‍ പരം സ്വദേശികള്‍ക്ക് ഇന്ത്യ ഇത്തരത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം