ജോണ്‍ ബോവനര്‍ യുഎസ് ഹൌസ് സ്പീക്കര്‍
Wednesday, January 7, 2015 7:31 AM IST
വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നുളള റിബലുകളുടെ വെല്ലുവിളി അതിജീവിച്ചു ജോണ്‍ ബോവനര്‍ യുഎസ് ഹൌസ് സ്പീക്കറായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി ആറിന് (ചൊവ്വ) വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ 25 നിയമ സാമാജികര്‍ ജോണ്‍ ബോവറിന് വോട്ട് നല്‍കില്ലെന്നു പ്രഖ്യാപിക്കുകയും മൂന്നു പേരെ റിബലുകളായി മത്സര രംഗത്തിറക്കുകയും ചെയ്തിരുന്നു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് 246 അംഗങ്ങളാണുളളത്. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഔദ്യോഗിക റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ആകെ പോള്‍ ചെയ്ത 408 വോട്ടുകളില്‍ 216 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി നാന്‍സി പെളോസിക്ക് (ഡമോക്രാറ്റിക്ക് പ്രതിനിധി) 164 വോട്ടുകളാണ് ലഭിച്ചത്.

ജോണിന് എതിരായി മത്സരിച്ച ജിഒപി റിബലുകളായ ഫ്ളോറിഡയില്‍ നിന്നുളള ഡാനിയേല്‍ വെബ്സ്റര്‍ക്ക് പന്ത്രണ്ടും ടെക്സസില്‍ നിന്നുളള ലൂയി ഗോമര്‍ട്ടിന് മൂന്നും ഫ്ളോറിഡായില്‍ നിന്നുളള മറ്റൊരു സ്ഥാനാര്‍ഥി ടെഡ് യോഹോവിന് രണ്ടു വോട്ടുമാണ് നേടാനായത്.

ജോണ്‍ ബോവനിനെ അധികാരഭ്രഷ്ടനാക്കണമെന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കണ്‍സര്‍വേറ്റീവ് റിബലിയന്‍സിന്റെ ആഗ്രഹം ഇത്തവണയും ഫലവത്തായില്ല. യുഎസ് ഹൌസിലും സെനറ്റിലും റിപ്പബ്ളിക്കന്‍സിനാണ് ഭൂരിപക്ഷം.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍