തുര്‍ക്കിയില്‍ 90 വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്ത്യന്‍ പള്ളിക്ക് നിര്‍മാണാനുമതി
Tuesday, January 6, 2015 9:54 AM IST
അങ്കാറ: തുര്‍ക്കിയില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്ന് 90 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുതിയ ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നു. ഇസ്താംബൂളിനടുത്ത് യെസില്‍കോയിലെ മര്‍മറ തീരദേശത്ത് പള്ളി പണിയാന്‍ തുര്‍ക്കി സര്‍ക്കാര്‍ അനുമതി നല്‍കി.

രാജ്യത്തെ ന്യൂനപക്ഷമായ സുറിയാനി ക്രിസ്ത്യന്‍ വിഭാഗമാണ് പുതിയ ചര്‍ച്ച് നിര്‍മിക്കുന്നത്. ഇവിടെ നിലവില്‍ ഗ്രീക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, കത്തോലിക്കാ പള്ളികളുണ്ട്.

1923ല്‍ ഒട്ടോമന്‍ സാമ്രാജ്യം അധികാരം വിട്ട് രാജ്യത്ത് ജനാധിപത്യ ഭരണം നിലവില്‍വന്നശേഷം ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നത്. നിരവധി പള്ളികള്‍ പുനര്‍നിര്‍മിക്കുകയും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും പുതിയതിന് അനുമതി നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ നയം.

തെക്കുകിഴക്കന്‍ ഭാഗത്ത് കഴിയുന്ന സുറിയാനി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എണ്ണം 20,000ത്തില്‍ താഴെയാണ്. ഒരു കാലത്ത് ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന തുര്‍ക്കിയില്‍ ഇപ്പോള്‍ 99 ശതമാനവും മുസ്ലിങ്ങളാണ്. എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനും മുമ്പ് പിടിച്ചെടുത്തിരുന്ന അവരുടെ സ്വത്തുക്കള്‍ തിരിച്ചുകൊടുക്കാനും പള്ളികള്‍ അനുവദിക്കാനും തുര്‍ക്കി ബാധ്യസ്ഥമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍