കെ.സി. സുരേഷിന് നവോദയ യാത്രയയപ്പ് നല്‍കി
Tuesday, January 6, 2015 7:51 AM IST
റിയാദ്: നവോദയ -സഫാ മക്ക ആര്‍ട്സ് അക്കാഡമി അധ്യാപകനും നവോദയയുടെ സാംസ്കാരിക കമ്മിറ്റി പ്രവര്‍ത്തകനുമായ ചൈത്രം സുരേഷ് എന്നറിയപ്പെടുന്ന ചിത്രകാരന്‍ കെ.സി.സുരേഷിന് (51) നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

റിയാദിലെ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഡിസൈനര്‍ എന്ന നിലയില്‍ 21 വര്‍ഷമായി ജോലി നോക്കിയിരുന്ന സുരേഷ് എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ആരകുന്ന്, വെളിയനാട് സ്വദേശിയാണ്്.

ബത്ത സഫാ മക്കാ പോളിക്ളിനിക്കിന്റെ സഹകരണത്തോടെ നവോദയ നടത്തിവരുന്ന ചിത്രപഠനക്ളാസില്‍ അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥി-രക്ഷാകര്‍തൃ സമൂഹത്തില്‍ സുപരിചിതനായിരുന്നു. നവോദയയുടെ സാംസ്കാരിക കമ്മിറ്റി അംഗം, ബത്ത യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന സുരേഷിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര സംഘടനക്കും പ്രവാസി സമൂഹത്തിനും നഷ്ടമാണെന്ന് യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

നവോദയ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. അഹമദ് മേലാറ്റൂര്‍, രാജേന്ദ്രന്‍ നായര്‍, ജലാലുദ്ദീന്‍, സുരേഷ് സോമന്‍, ദീപാ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്കാരിക കമ്മിറ്റിയുടേയും ആര്‍ട്സ് അക്കാഡമിയുടേയും ഉപഹാരം ആര്‍ട്ടിസ്റ് ഷൈജു ചെമ്പൂരും ബത്ത യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം മുഹമ്മദ് അലിയും കൈമാറി. സുരേഷ് ചൈത്രം വരച്ച ചിത്രങ്ങള്‍ക്ക് പുറമേ അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. കുടുംബത്തോടൊപ്പം കഴിയാനാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞ സുരേഷ്, നാട്ടില്‍ സ്റുഡിയോയും അഡ്വര്‍ടൈസിംഗ് ഏജന്‍സിയും തുടങ്ങാന്‍ ഉദേശിക്കുന്നതായും സൂചിപ്പിച്ചു. ഭാര്യ: സന്ധ്യ. മകള്‍: ചൈത്ര.

നവോദയ പ്രവര്‍ത്തകര്‍ക്ക് പുറമേ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നിറഞ്ഞ സദസില്‍ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും പുതുവത്സരാഘോഷവും നടന്നു. ഗായകരായ ജ്യോതി സതീഷ്, രാജേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.