'മനുഷ്യ ജീവിതത്തില്‍ മാതൃകയാക്കേണ്ടത് മുഹമ്മദ് നബിയെ മാത്രം'
Tuesday, January 6, 2015 7:48 AM IST
കുവൈറ്റ്: മനുഷ്യ ജീവിതത്തില്‍ സ്നേഹ സൌഹാര്‍ദങ്ങളും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും നാം മാതൃകയാക്കേണ്ടത് ലോകത്തിന്റെ കാരുണ്യമായ മുഹമ്മദ് നബി(സ)യെയാണ്െ സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍.

ഐസിഎഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി മന്‍സൂരിയയില്‍ ഷേയ്ഖ് യൂസുഫ് റിഫായുടെ ദീവാനിയില്‍ സംഘടിപ്പിച്ച മീലാദുബി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സല്‍സ്വഭാവം, വിട്ടുവീഴ്ച, അനുയായികള്‍ക്കു സംഭവിക്കുന്ന അപാകതകളില്‍ ക്ഷമിക്കല്‍, അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് മാപ്പ് അപേക്ഷിക്കല്‍, എല്ലാ വിഷയങ്ങളിലും പരസ്പര കൂടിയാലോചന നടത്തല്‍ തുടങ്ങിയവ നബി(സ) യുടെ മാത്രം പ്രത്യേകതയായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍ഗോഡ് താലൂക്ക് സെക്രട്ടറി അബ്ദുള്ള ഫൈസി നെക്രാജ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാളില്‍ നൂറാനി അസഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയിദ് ഹബീബ് ബുഖാരി തങ്ങള്‍ പ്രാര്‍ഥനക്കും അലവി സഖാഫി തെഞ്ചേരി മൌലിദ് പാരായണത്തിനും നേതൃത്വം നല്‍കി. അബ്ദുള്ള വടകര സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍