യൂണിവേഴ്സിറ്റി ബില്‍ഡിംഗിന് തീ കൊളുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അറസ്റില്‍
Tuesday, January 6, 2015 7:42 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി റട്ടഗേഴ്സ് യൂണിവേഴ്സിറ്റി സ്ക്കാറ്റവെ ബുഷ് കാമ്പസിലുളള കെട്ടിടം കത്തിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ അറസ്റ് ചെയ്തതായി മിഡില്‍സെക്സ് കൌണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് ഡിസംബര്‍ നാലിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 21 കാരനായ ശ്യാം സുന്ദറാണ് അറസ്റിലായത്.

ഡിസംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ ശ്യാം സുന്ദര്‍ അലിസന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ളാസ് റൂം ബില്‍ഡിംഗിന്റെ രണ്ടാം നിലയിലെ 30 അടി നീളം വരുന്ന ഹാള്‍ വേയിലാണ് തീ കൊളുത്തിയത്. തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മുഴങ്ങിയ ഫയര്‍ അലാം, താഴത്തെ നിലയില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ തടസപ്പെടുത്തി. 1,50,000 ഡോളറിന്റെ നഷ്ടമാണ് വിദ്യാര്‍ഥിയുടെ പ്രവൃത്തി മൂലം യൂണിവേഴ്സിറ്റിക്കുണ്ടായത്. അറസ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയ ശ്യാം സുന്ദറിന് 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നതായും സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ റട്ടഗേഴ്സ് യൂണിവേഴ്സിറ്റി പോലീസിനെ 848 932 8025 എന്ന നമ്പറില്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍