സൌദി അറേബ്യന്‍ എയര്‍ലൈന്‍സ് സ്ത്രീയും പുരുഷനും ഒപ്പമിരുന്നുള്ള യാത്ര വിലക്കുന്നു
Monday, January 5, 2015 10:20 AM IST
ഫ്രാങ്ക്ഫര്‍ട്ട്-റിയാദ്: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്യ്രം നല്‍കാത്ത സൌദി അറേബ്യയില്‍ സ്ത്രീകളുടെ ആകാശയാത്രയ്ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.

സൌദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സീറ്റുകള്‍ നല്‍കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. തങ്ങളുടെ ഭാര്യമാര്‍ അന്യപുരുഷനോടൊപ്പം അടുത്തിരുന്ന് സഞ്ചരിക്കുന്നത് ഇഷ്ടപ്പെടാത്ത സൌദിയിലെ കുബേരന്മാരുടെ പരാതിയെ തുടര്‍ന്നാണ് വിമാന കമ്പനി ഈ തീരുമാനം എടുക്കുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രമനുവദിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്ന സൌദി അറേബ്യയില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ക്ക് പുതുമയില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. ഭാര്യമാരെ വിശ്വാസമില്ലാത്തതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാന്‍ കാരണമെന്ന് വളരെയധികം ആളുകള്‍ പ്രതികരിച്ചു.

ലോകത്തില്‍ ആദ്യമായാണ് ഒരു വിമാനകമ്പനി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത്തരത്തില്‍ പ്രത്യേകം സീറ്റുകള്‍ ഏര്‍പ്പെടുത്തുന്നത്. ഭാര്യയും ഭര്‍ത്താവും ആണെന്നു തെളിയിച്ചാല്‍ മാത്രമേ ഇനിമുതല്‍ ഒപ്പമിരുന്ന് യാത്ര ചെയ്യാനുള്ള സീറ്റുകള്‍ അനുവദിക്കുകയുള്ളൂവെന്ന് സൌദി എയര്‍ലൈന്‍സ് അസിസ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദ് അറിയിച്ചു. കര്‍ശനമായ ഇസ്ലാമിക് നിയമം അനുസരിച്ചാണ് സൌദി എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം. വിമാനത്തിനുള്ളിലും എയര്‍ പോര്‍ട്ടുകളിലും പ്രാര്‍ഥിക്കാനുള്ള സൌകര്യം ഇവര്‍ ഒരുക്കുന്നു. മറ്റു വിമാനങ്ങളിലേതുപോലെ മദ്യമോ മറ്റു ലഹരി വസ്തുക്കളോ സൌദി എയര്‍ലൈന്‍സില്‍ നല്‍കുകയില്ല. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ സ്ത്രീകളുടെ സീറ്റുകളില്‍ മാറ്റം വരുത്താനും വിമാനക്കമ്പനി ഒരുങ്ങുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍