ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതില്‍ എതിര്‍പ്പില്ലെന്ന് മെര്‍ക്കല്‍
Monday, January 5, 2015 10:18 AM IST
ബര്‍ലിന്‍: ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറിയാല്‍ തടയാന്‍ ശ്രമിക്കേണ്ടതില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിലപാട് സ്വീകരിച്ചതായി സൂചന. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായത്തിനു പകരമായി ഏര്‍പ്പെടുത്തിയ ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ ധാരണ.

19 രാജ്യങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന ഒരു കറന്‍സി മാത്രമല്ല യൂറോ. അത് ഐക്യത്തിന്റെ പ്രതീകം കൂടിയാണ്. അതു ശക്തമായി നിലനില്‍ക്കേണ്ടത് യൂറോപ്പിന്റെ ആവശ്യമാണെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 25 ന് ഗ്രീസില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് വ്യാപകമായി വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം പ്രചാരണത്തിനിടെ വാഗ്ദാനം നല്‍കിയിരുന്നു. മൂന്നു തവണ ശ്രമിച്ചിട്ടും ഒരു ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ പറ്റാഞ്ഞതുകൊണ്ട് ഗ്രീസിലെ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ചയില്‍ പരിച്ചുവിട്ടിരുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും. അത് ഇപ്പോഴത്തെ അവസ്ഥയില്‍ ഗ്രീസിനു സാധിക്കുകയുമില്ല.

യൂറോസോണ്‍ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഗ്രീക്ക് ഉത്തേജക രക്ഷാ പാക്കേജിന് പോയ വര്‍ഷം അനുമതി നല്‍കിയിരുന്നു. 130 ബില്യന്‍ യൂറോയാണ് (13,000 കോടിയൂറോ/84,600 കോടി രൂപ) പാപ്പരത്തത്തില്‍ നിന്നു രക്ഷപെടാന്‍ ഗ്രീസിന് ആവശ്യമുള്ള ഉത്തേജക പാക്കേജില്‍ അനുവദിച്ചിരുന്നത്. അന്നത്തെ പാക്കേജിന് ഐഎംഎഫിന്റെ സഹായം ഉറപ്പാക്കാന്‍ യുഎസും സമ്മര്‍ദം ചെലുത്തിയിരുന്നു.

നൂറു ബില്യന്‍ യൂറോയുടെ കടം എഴുതിത്തള്ളുന്നത് അടക്കമുള്ളതായിരുന്നു പാക്കേജ്. സ്വകാര്യ മേഖലയില്‍നിന്നുള്ള വായ്പകളില്‍ 70 ശതമാനം ഇളവും നല്‍കും. എന്നാല്‍, ഇതിനു വേണ്ടി ഗ്രീക്ക് നടപ്പാക്കേണ്ട ബജറ്റ് നിയന്ത്രണങ്ങളുടെയും ചെലവുചുരുക്കല്‍ നടപടികളുടെയും കാര്യത്തില്‍ രാജ്യത്തു തന്നെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല എന്നതും ഒരു പ്രത്യേകതയായിരുന്നു. ഗ്രീസിനു വേണ്ടി തയാറാക്കിയ പുതിയ പ്രത്യേക രക്ഷാ പാക്കേജിന് യൂറോ സോണ്‍ അംഗീകാരം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍