വെസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
Monday, January 5, 2015 10:11 AM IST
സിഡ്നി: വെസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ കരോള്‍ മത്സവും ക്രിസ്മസ്, നവവത്സരാഘോഷങ്ങളും വെന്റ് പെര്‍ത്ത് വില്‍ റെസ്ഹം സെന്ററില്‍ നടന്നു.

ഡിസംബര്‍ 21ന് (ഞായര്‍) വൈകുന്നേരം ആറിന് നടന്ന പരിപാടിയില്‍ സിഡ്നിയില്‍ ബന്ദികളാക്കിയവരില്‍ ജീവന്‍ നഷ്ടപ്പെട്ട കത്രീന ഡോസണ്‍, ടോറി ജോണ്‍സണ്‍, ക്യൂന്‍സ് ലാന്‍ഡില്‍ കുത്തേറ്റു മരിച്ച എട്ടു കുട്ടികള്‍, പാക്കിസ്ഥാനിലെ പെഷവാറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ജോസഫ് കളരിക്കല്‍ സ്വാഗതം ആശംസിച്ചു. സിഡ്നി ബഥേല്‍ മാര്‍ത്തോമ വികാരി റവ. മാത്യൂസ് എ. മാത്യുവിന്റെ പ്രാര്‍ഥനയ്ക്കുശേഷം പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടത്തി. സിഡ്നിയിലെ വിവിധ ദേവാലയങ്ങളിലെ വൈദികരായ റവ. മാത്യൂസ് എ. മാത്യു (ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച്), ഫാ. ബെന്നി ഡേവിഡ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ഫാ. ജോസഫ് കുന്നപള്ളില്‍ (സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ (സീറോ മലങ്കര ചര്‍ച്ച്, പാരമറ്റ) എന്നിവര്‍ ചേര്‍ന്ന് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

കര്‍ണാടക സംഗീതത്തില്‍ കേരള സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സ്മിത ബാലു, സംഗീത സംവിധായകനും കീബോര്‍ഡിസ്റുമായ രമേശ് വിജയ്, സംഗീത സംവിധായകനും ഗായകനുമായ ഡോ. മുരളി വെങ്കട്ടരാമന്‍ എന്നീ വിധികര്‍ത്താക്കളെ ദിവ്യ ബിനോയി സദസിനു പരിചയപ്പെടുത്തി.

സിഡ്നിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആറു ഗായകസംഘങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച്, സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റി, ക്യാബല്‍ ടൌണ്‍ എന്നീ ഗായക സംഘങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ ക്രിസ്മസ് ദൂത് നല്‍കി. മത്സരങ്ങള്‍ക്കിടയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വിമല്‍ വിനോദ്, ജോജു ഏബ്രഹാം, അലീന അനില്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളും ഹന്ന മരിയ ജിജു, സാന്ദ്ര സെബാസ്റ്യന്‍, ആന്‍ മരിയ, ഷാര്‍ലറ്റ് ജോ, അമ്മ പുന്നക്കന്‍, അലീന ഡെബി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തശില്‍പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ലവീന ആന്‍ വര്‍ഗീസിന്റെ ക്രിസ്മസ് കഥ, മിമിക്രി കലാകാരനായ ബിപിന്‍ ദേവസ്യ അവതരിപ്പിച്ച മിമിക്സ് പരേഡ് എന്നിവ അരങ്ങേറി.

മുഖ്യ വിധികര്‍ത്താവായ ഡോ, സ്മിത ബാലു മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നേടിയ ബഥേല്‍ മാര്‍തോമ ഇടവക ഗായകസംഘത്തിനു വെസ്മ എവര്‍ റോളിംഗ് ട്രോഫി ഫാ. ബെന്നി ഡേവിഡും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡായ 750 ഡോളര്‍ വര്‍ഗീസ് പുന്നയ്ക്കലും നല്‍കി.

രണ്ടാം സ്ഥാനക്കാര്‍ക്ക് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഗായകസംഘത്തിന് വെസ്മ എവര്‍ റോളിംഗ് ട്രോഫി ഫാ. ജോസഫ് കുന്നപള്ളിയും പീറ്റേഴ്സ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡായ 500 ഡോളര്‍ ജിജു പീറ്ററും ചേര്‍ന്ന് സമ്മാനിച്ചു.

നീല്‍ ലോയേഴ്സ്, ബ്ളുമൂണ്‍ റസ്ററന്റ്, മൂവ് റിയാല്‍റ്റി, ക്രിസ് ജെയിംസ് ഫോട്ടോഗ്രാഫി എന്നിവരായിരുന്നു മറ്റു സ്പോണ്‍സര്‍മാര്‍. ദിവ്യ ബിനോയി കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് ബ്ളുമൂണ്‍ റസ്ററന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്