കേരള പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കണം: പ്രവാസി സാംസ്കാരിക വേദി
Monday, January 5, 2015 10:02 AM IST
ജിദ്ദ: കേരളത്തില്‍ നിന്നുള്ള പ്രവാസികളോട് മുന്‍ സര്‍ക്കാരുകള്‍ കാട്ടിയ ക്രൂരത ആവര്‍ത്തിക്കാനുള്ള ശ്രമമാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നുപോലും ഇന്റര്‍ നാഷണല്‍ ഹബുകളുടെ ലിസ്റില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രവാസി സാംസ്കാരിക വേദി സൌദി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ 2013-14 വര്‍ഷം മാത്രം 70 ലക്ഷം പേര്‍ യാത്ര ചെയ്തിട്ടുണ്െടന്നാണ് കണക്ക്. അതില്‍ നാല്‍പ്പത് ലക്ഷവും കൊച്ചി വിമാനത്താവളം വഴിയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കൊച്ചി നാലാം സ്ഥാനത്തുമാണ് എന്നിരിക്കെ കേരളത്തിലെ ഒരു വിമാനത്താവളത്തെയെങ്കിലും ഇന്റര്‍ നാഷണല്‍ ഹബുകളുടെ ലിസ്റില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കണം. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ കുറയുന്നതിനും യാത്രാക്കൂലി ഗണ്യമായി വര്‍ധിക്കുന്നതിനും ഇടയാകുന്ന ഈ നിയമ നിര്‍മാണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണം.

ഇതു സംബന്ധിച്ച് കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളാരും പങ്കെടുക്കാതിരുന്നത് നിരാശാജനകമാണ്. ഗള്‍ഫ് പ്രവാസികളുടെ യാത്രാ പ്രശ്നം കൂടുതല്‍ വഷളാകാന്‍ ഇടയാക്കുന്ന ഈ നീക്കത്തില്‍ നിന്നും കേന്ദ്രത്തെ പിന്‍തിരിപ്പിക്കാന്‍ കേരള സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എംപിമാരും രാഷ്ട്രീയത്തിന് അതീതമായി കേന്ദ്ര ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രവാസി സംഘടനകള്‍ രാഷ്ട്രീയം മറന്ന് ഈ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ തയാറാകണം.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും 20 എംപിമാര്‍ക്കും പ്രവാസി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ കത്ത് അയയ്ക്കുമെന്നും പ്രവാസി സാംസ്കാരിക വേദി അഖില സൌദി ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍