റഷ്യയ്ക്കെതിരായ ഉപരോധം ജര്‍മന്‍ കമ്പനികളെ ബാധിക്കുന്നു
Saturday, January 3, 2015 11:00 AM IST
ബര്‍ലിന്‍: റഷ്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ജര്‍മന്‍ കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. റഷ്യയ്ക്കു മേല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ അടക്കമുള്ള പാശ്ചാത്യലോകം ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിനു കാരണം.

ഇതു കാരണം നിരവധി അന്താരാഷ്ട്ര പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കമ്പനികള്‍. ഒപ്പം, റഷ്യന്‍ നാണയമായ റൂബിളിന് അടിക്കടി വിലയിടിയുന്നതും പ്രതിസന്ധി ശക്തമാക്കുന്നു.

റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറ് ജര്‍മന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍, ഇവര്‍ക്കു ലഭിച്ച മുപ്പത്താറ് ശതമാനം അന്താരാഷ്ട്ര പ്രോജക്ടുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്നു വ്യക്തമായി.

ഉക്രെയ്ന്‍ പ്രവിശ്യയായിരുന്ന ക്രിമിയ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

കെമിക്കല്‍ രംഗത്തെ വമ്പന്മാരായ ബിഎഎസ്എഫ്, ഓട്ടോമൊബീല്‍ രംഗത്തുനിന്നുള്ള ഓപ്പല്‍, ഫോക്സ് വാഗന്‍ തുടങ്ങിയവരൊക്കെ പ്രോജക്ടുകള്‍ റദ്ദാക്കിയ സ്ഥാപനങ്ങളില്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍