പ്രതീകാത്മക ശിവഗിരി തീര്‍ഥാടനം ജനുവരി നാലിന്
Saturday, January 3, 2015 10:56 AM IST
ന്യൂഡല്‍ഹി : എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെയും കാല്‍കാജി ശഖയുടെയും ആഭിമുഖ്യത്തില്‍ ആറാമത് പ്രതീകാത്മക ശിവഗിരി തീര്‍ഥാടനം ജനുവരി നാലിന് (ഞായര്‍) രാവിലെ അഞ്ചിന് ഗോവിന്ദ്പുരിയിലെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ വിശേഷാല്‍ പൂജകളോടെ ആരംഭിക്കും.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്രവിദ്യ എന്നീ അഷ്ടാംഗ മാര്‍ഗങ്ങളിലൂടെ പ്രായോഗിക ജീവിതം ലളിതമാക്കുന്നതിനായി ശ്രീനാരായണ ഗുരുദേവന്‍ 82 വര്‍ഷങ്ങള്‍ക്കു മുമ്പ് കല്‍പ്പിച്ച് അനുവദിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീര്‍ഥാടനം.

രാവിലെ അഞ്ചിന് നടതുറക്കല്‍, 5.30നു ഗുരുപൂജ. തുടര്‍ന്ന് മെഹ്റോളി ശാഖയിലെ ഗുരുമന്ദിരത്തില്‍ നിന്നും വിവിധ ശാഖകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കാല്‍കാജി മന്ദിരത്തില്‍ എത്തിച്ചേരുന്ന തീര്‍ഥാടന പതാക ഉയര്‍ത്തല്‍ ചടങ്ങ്. 8.30ന് കാല്‍കാജി അളകനന്ദ ബാലവേണുഗോപാല ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ തീര്‍ഥാടന ഘോഷയാത്രയില്‍ മറ്റു ശാഖകളില്‍ നിന്നും പദയാത്രികരായി എത്തിച്ചേരുന്ന പീതാംബരധാരികള്‍ സംഗമിച്ച് 10 ന് ഗോവിന്ദ് പുരി ഗുരുമന്ദിരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ലഘുഭക്ഷണം. 11 മുതല്‍ 'തീര്‍ഥാടന ലക്ഷ്യങ്ങള്‍', 'എസ്എന്‍ഡിപി. യോഗം ചരിത്ര നായകന്മാര്‍' എന്നീ വിഷയങ്ങളില്‍ രവിവാര പാഠശാല വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രസംഗങ്ങള്‍.

11.45 മുതല്‍ സി.വി. ആനന്ദബോസ് (ഐഎഎസ്) നടത്തുന്ന പ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന അന്നദാനത്തോടെ തീര്‍ഥാടന പരിപാടികള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9811499926, 9818831999, 9818144298.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി