ഡബ്ള്യുഎംസി ക്രിസ്മസ്, പുതുവത്സരാഘോഷം: സപ്തയും ഹെസായും കലാതിലകം
Friday, January 2, 2015 10:14 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം 2014 ഡിസംബര്‍ 28 ന് ആര്‍റ്റെയ്ന്‍ ബ്യൂമോണ്‍ട്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ ആഘോഷിച്ചു. ഡബ്ള്യുഎംസി നടത്തിയ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2014' ന്റെ കലാതിലകമായി സപ്താ രാമന്‍ നമ്പൂതിരിയും (സീനിയര്‍) ഹെസാ മേരി പോളും (ജൂണിയര്‍) തിരഞ്ഞെടുക്കപ്പെട്ടു.

ഡബ്ള്യുഎംസി ചെയര്‍മാന്‍ സൈലോ സാമും കലാതിലകമായ ഹെസായും സപ്തയും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡബ്ള്യുഎംസി പ്രസിഡന്റ് കിംഗ് കുമാറ വിജയരാജന്‍ സ്വാഗതം ആശംസിച്ചു.

'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2014' ലെ മികച്ച ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികള്‍ തുടര്‍ന്നു നടന്നു. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഡബ്ള്യുഎംസി ടീം അവതരിപ്പിച്ച ലഘു നാടകവും പരിപാടികളില്‍ ശ്രദ്ധേയമായി. ഫാ. ജോബിമോന്‍ സ്കറിയ ക്രിസ്മസ് സന്ദേശം നല്‍കി. അയര്‍ലന്‍ഡിലെ കുട്ടികളുടെ കലാ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയതായി ജോബി അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഡബ്ള്യുഎംസി ചെയര്‍മാന്‍ സൈലോ സാം അധ്യക്ഷ പ്രസംഗം നടത്തി. പ്രഫഷണല്‍ ജോലികളും വ്യവസായ സംരംഭങ്ങളും ഒക്കെയായി തിരക്കു പിടിച്ച ജീവിതത്തിനിടയിലും ഡബ്ള്യുഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായും സമയം കണ്െടത്താന്‍ സാധിക്കുന്ന ഡബ്ള്യുഎംസിയുടെ സംഘാടകര്‍ക്ക് എന്നും അഭിമാനിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവ'ങ്ങളിലൂടെ പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വരുന്നതെന്ന് സൈലോ സാം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡിലെ മലയാളികളുടെ വളര്‍ന്നു വരുന്ന പുതുതലമുറയുടെ കലാ നൈപുണ്യത്തിന് തുടര്‍ന്നും വേദി ഒരുക്കാന്‍ ഡബ്ള്യുഎംസി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈലോ സാം ഉറപ്പു പറഞ്ഞു.

ഡബ്ളുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2014' ന്റെ കലാതിലകത്തിനുള്ള ട്രോഫികള്‍ ഓസ്കാര്‍ ട്രാവല്‍സിന്റെ വിനോദ് പിള്ളയും മറ്റു വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഡബ്ള്യുഎംസി സെക്രട്ടറി സാബു കല്ലുങ്ങലും ചെയര്‍മാന്‍ സൈലോ സാമും ചേര്‍ന്ന് സമ്മാനിച്ചു. 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2014' ല്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹനമായി മെഡലുകളും ചടങ്ങില്‍ നല്‍കി. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍