ഫാ. മാത്യു കൊച്ചുപുരയ്ക്കലിന് മെല്‍ബണില്‍ ഊഷ്മള സ്വീകരണം
Friday, January 2, 2015 10:08 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ ചാന്‍സലറായി നിയമിക്കപ്പെട്ട ഫാ. മാത്യു കൊച്ചുപുരയ്ക്കലിന് മിക്കലമിലെ രൂപത കേന്ദ്രത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, കത്തീഡ്രല്‍ ഇടവക ട്രസ്റി ജയ്സ്റോ ജോസഫ്, പാരീഷ് കൌണ്‍സില്‍ അംഗം പോള്‍ സെബാസ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോതമംഗലം രൂപതയിലെ കദളിക്കാട് വിമലമാതാ ഇടവകാംഗമാണ് ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍. കാനന്‍ നിയമത്തില്‍ റോമിലെ ഓറിയന്റല്‍ പൊന്തിഫിക്കല്‍ കോളജില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള അച്ചന്‍, ബാംഗളൂരു ധര്‍മാരാം സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, സാറ്റ്ന സെന്റ്് എഫ്രേം തിയോളജിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രഫസറായിരുന്നു. കോതമംഗലം രൂപതയുടെ ചാന്‍സലര്‍, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യുണല്‍ പ്രസിഡന്റ് എന്നീ പദവികളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള മാത്യു അച്ചന്‍ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ പോസ്റുലേറ്റര്‍ ജനറാളുമാണ്.

രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെയും വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെയും പൌരോഹിത്യ സ്വീകരണ രജതജൂബിലി വര്‍ഷത്തില്‍ മെല്‍ബണ്‍ രൂപതയുടെ ചാന്‍സലറായി നിയമിക്കപ്പെട്ട ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കഴിവുറ്റ നേതൃത്വത്തിലൂടെ, രൂപത പ്രഖ്യാപനത്തിന്റെ ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതക്ക് കൂടുതല്‍ മുന്നേറുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍