നവോദയ ജിദ്ദ മെംബര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി
Thursday, January 1, 2015 10:13 AM IST
ജിദ്ദ: കാല്‍ നൂറ്റാണ്ടിലധികം ജിദ്ദ പ്രവാസഭൂമിയിലെ കലാ, കായിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നവോദയ ജിദ്ദ 2015 വര്‍ഷത്തിലേക്കുള്ള അംഗത്വവിതരണത്തിന്റെ ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് ജിദ്ദ നവോദയ രക്ഷാധികാരി വി.കെ റൌഫ് ജിദ്ദയിലെ മുതിര്‍ന്ന പ്രവാസിയായ ആലിക്കുട്ടിക്ക് മെംബര്‍ഷിപ്പ് നല്‍കി.

നവോദയ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ ഏരിയ, യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. മാതൃരാജ്യത്തെ പുതിയ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ പ്രവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആദ്യമായി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കിട്ടിയ അവസരം വളരെ കൃത്യതയോടെ ഉപയോഗിക്കണം. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രവാസികള്‍ ഒരുമിച്ചു നില്‍ക്കണം. പ്രവാസ ജീവിതം പലരിലും വ്യത്യസ്തമായ ചിന്താഗതികള്‍ സൃഷ്ടിക്കുമ്പോള്‍ അതിലെ നേരും നെറിയും തിരിച്ചറിയാന്‍ സമൂഹത്തെ തയാറാക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും വേണം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കലാ,കായിക,സാംസ്കാരിക പരിപാടികള്‍, ബോധവത്കരണ ക്ളാസുകള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്ക് നവോദയ നേതൃത്വം നല്‍കിവരുന്നു. തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്നും യോഗത്തില്‍ വി.കെ റൌഫ് അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, സി.എം അബ്ദുറഹ്മാന്‍, ശിവന്‍ പിള്ള ചേപ്പാട്, സിയാദ് ഹബീബ്, അബ്ദുള്ള മുല്ലപ്പള്ളി, അര്‍ഷാദ് ഫെറോക്ക്, റഫീക്ക് പത്തനാപുരം, ജഗനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍