പാസ്പോര്‍ട്ട് പുതുക്കല്‍: നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
Wednesday, December 31, 2014 5:23 AM IST
കുവൈറ്റ് : പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തില്‍ കുവൈറ്റിലെ ഇന്ത്യക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എംബസി അറിയിച്ചു. കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി അന്താരാഷ്ട്രതലത്തില്‍തന്നെ 2015 നവംബര്‍ 24ഓടെ അവസാനിക്കുന്നതിനാല്‍ അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എത്രയുംപെട്ടെന്ന് അവ പുതുക്കി മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണമെന്നും എംബസി നിര്‍ദേശിച്ചു.

നവംബര്‍ 25 മുതല്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ട് മാത്രമേ പരിഗണിക്കൂവെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) അറിയിച്ചിട്ടുണ്ട്. ഇതോടെ, കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തിയേക്കാം. ഇത് മുന്നില്‍കണ്ട് അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണം. 2001 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടാണ് ഇഷ്യൂ ചെയ്യുന്നത്. അതിനുമുമ്പ് ഇഷ്യൂചെയ്ത പാസ്പോര്‍ട്ടുകളാണ് കൈകൊണ്ട് എഴുതിയവ. അവയില്‍തന്നെ 20 വര്‍ഷം കാലാവധിയുള്ളവ സമയമായിട്ടില്ലാത്തതിനാല്‍ പലരും പുതുക്കിയിട്ടുണ്ടാവില്ല. ഇത്തരക്കാര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ചെയ്യണം. ഇത്തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ ഉടന്‍ പുതുക്കാന്‍ ശ്രമിക്കണമെന്ന് എംബസി നിര്‍ദേശിച്ചു. ഇതുകൂടാതെ, ആറുമാസത്തില്‍ കുറവ് കാലാവധി ശേഷിക്കുന്ന പാസ്പോര്‍ട്ടുകളും എത്രയും പെട്ടെന്ന് പുതുക്കണം.

ആറു മാസത്തില്‍ കുറവ് കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് പല രാജ്യങ്ങളും വിസ അനുവദിക്കാറില്ളെന്നത് മിക്കവരും ശ്രദ്ധിക്കാറില്ല. വിസക്ക് അപേക്ഷിക്കുമ്പോഴും ഓണ്‍ അറൈവല്‍ വിസക്ക് ശ്രമിക്കുമ്പോഴുമൊക്കെയാണ് ഇത് അറിയുക. അത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാന്‍ ആറു മാസത്തില്‍ കുറഞ്ഞ കാലാവധിയത്തുെന്നതിനുമുമ്പുതന്നെ പാസ്പോര്‍ട്ട് പുതുക്കണം. ഇതോടൊപ്പം, കുട്ടികളുടെ (മൈനര്‍) പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തിലും ശ്രദ്ധവേണമെന്ന് എംബസി ഉണര്‍ത്തി. പ്രായപൂര്‍ത്തിയായവരുടെ പാസ്പോര്‍ട്ട് കാലാവധി 10 വര്‍ഷമാണെങ്കില്‍ കുട്ടികളുടേത് അഞ്ചു വര്‍ഷമാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കുട്ടികളുടെ പാസ്പോര്‍ട്ട് കാലാവധി കഴിയുന്നത് അറിയാതെപോവും. കൂടാതെ പാസ്പോര്‍ട്ടില്‍ ഒഴിഞ്ഞ പേജുകള്‍ കുറഞ്ഞാല്‍ അവ പൂര്‍ണമായി തീരാന്‍ കാത്തുനില്‍ക്കാതെ പുതുക്കണം. കാരണം, പാസ്പോര്‍ട്ടില്‍ രണ്ടില്‍ കൂടുതല്‍ ഒഴിഞ്ഞ പേജുകള്‍ ഇല്ളെങ്കില്‍ ചില രാജ്യങ്ങള്‍ അവ സ്വീകരിക്കില്ല എംബസി ചൂണ്ടിക്കാട്ടി. കൂടുതലായി യാത്ര ചെയ്യുന്നവര്‍ക്ക് 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന് പകരം 64 പേജുള്ള ജംബോ പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്്.

പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വു://ംംം.ശിറലായസം.ീൃഴ/ജമഴല/ജമുീൃ.മുഃ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ജെ.എസ്. ഡാങ്കി, സെക്കന്‍ഡ് സെക്രട്ടറി, കോണ്‍സുലര്‍ (97229947), കാളിദാസ് റോയ്, അറ്റാഷെ, കോണ്‍സുലര്‍ (97295728) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യാമെന്ന് എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍