കെഎംസിസി 'ചങ്ങാതിക്കൂട്ടം 2015' ഏപ്രില്‍ മൂന്നിന് ജിദ്ദയില്‍
Tuesday, December 30, 2014 10:21 AM IST
ജിദ്ദ: കെഎംസിസി ചങ്ങാതിക്കൂട്ടം ഏപ്രില്‍ മൂന്നിന് വിദ്യാര്‍ഥി സമൂഹത്തിന് ചെറുപ്രായത്തില്‍ തന്നെ നന്മയുടെ പാത പരിശീലിപ്പിക്കാനും ധാര്‍മികതയും സാംസ്കാരിക സമ്പന്നതയുമുള്ള തലമുറയെ സൃഷ്ടിക്കാനും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന കെഎംസിസി ചങ്ങാതിക്കൂട്ടം 2015 ഏപ്രില്‍ മൂന്നിന് ജിദ്ദയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നന്മയുടെ നക്ഷത്രങ്ങളാവുക എന്ന പ്രമേയത്തില്‍ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഈ മെഗാ ഇവന്റില്‍ പത്താം ക്ളാസിന് താഴെയുള്ള ആണ്‍കുട്ടികളും നാലാം ക്ളാസിന് താഴെയുള്ള പെണ്‍കുട്ടികളും പങ്കെടുക്കും. നൂതന സംവിധാനങ്ങളോടെ കരിയര്‍ ഗൈഡന്‍സ് വിദഗ്ധരും അന്താരാഷ്ട്ര പ്രശസ്തിയുള്ള പരിശീലകരുമായിരിക്കും ചങ്ങാതിക്കൂട്ടം സെഷനുകള്‍ക്ക് നേതൃത്വം നല്‍കുക.

ജിദ്ദ കെഎംസിസിക്ക് കീഴില്‍ രൂപീകരിച്ച കെഎംസിസി കുംടുംബവേദിയാണ് ചങ്ങാതിക്കൂട്ടം പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ചങ്ങാതിക്കൂട്ടം മെഗാ ഇവന്റിന് മുന്നോടിയായി ജനുവരി അവസാനത്തില്‍ ഇന്റര്‍ സ്കൂള്‍ ക്വിസ്, പ്രബന്ധം തുടങ്ങിയ മത്സരങ്ങളും ഫെബ്രുവരിയില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഫാമിലി കൌസിലിംഗും നടത്തും. ചങ്ങാതിക്കൂട്ടം പ്രചാരണ ഭാഗമായി ജനുവരി ആദ്യവാരം മുതല്‍ കെഎംസിസി കീഴ്ഘടകങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും. ഏപ്രില്‍ മൂന്നിന് നടക്കുന്ന ചങ്ങാതിക്കൂട്ടം മെഗാ ഇവന്റ് പ്രവാസ ലോകത്തെ കുട്ടികള്‍ക്കുവേണ്ടിയുള്ള ഏറ്റവും വലിയ വിജ്ഞാന വിനോദ പരിപാടിയായിരിക്കുമെന്നും ജിദ്ദ കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിപുലമായ സ്വാഗത സംഘം രൂപീകരണം അടുത്ത ദിവസം നടക്കുമെന്നും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, സെക്രട്ടറിയും കെഎംസിസി കുടുംബ വേദി ചെയര്‍മാനുമായ സി.കെ ശാക്കിര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍