ശ്രീനാരായണ മിഷന്‍ തോമസ് ജോസഫിനെയും സേതുനാഥ് പ്രഭാകറിനെയും ആദരിച്ചു
Tuesday, December 30, 2014 8:19 AM IST
മെല്‍ബണ്‍: ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ സാമൂഹിക പ്രതിബന്ധതയ്ക്ക് ഊന്നല്‍ നല്‍കി തങ്ങളുടേതായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് പ്രമുഖ വ്യക്തികളെ ആദരിച്ചു.

പ്രൌഡഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് ജോസഫിനും പ്രൈഡ് ഓഫ് ഓസ്ട്രേലിയ എന്ന മഹത് സംരഭവുമായി മുമ്പോട്ടു പോകുന്ന അനുഗ്രഹീത കലാകാരന്‍ സേതുനാഥ് പ്രഭാകറിനും ശ്രീനാരായണ മിഷന്റെ ആദരം.

വിക്ടോറിയയിലെ ഇന്ത്യന്‍ സംഘടനകളുടെ മാതാവ് എന്ന് അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ചരിത്രത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. സ്വന്തം പ്രയത്നംകൊണ്ടും സംഘാടക മികവുകൊണ്ടും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയുടെ പ്രസിഡന്റ് പദം അലങ്കരിക്കുന്ന തോമസ് ജോസഫ് വിക്ടോറിയയില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

പ്രൈഡ് ഓഫ് ഓസ്ട്രേലിയ എന്ന സംരംഭവുമായി മുമ്പോട്ടുപോകുന്ന അനുഗ്രഹീത കലാകാരനാണ് സേതുനാഥ് പ്രഭാകര്‍. ബറോഡ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ആര്‍ട്സില്‍നിന്നും ചിത്രരചനയില്‍ ബിരുദം നേടിയശേഷം ഇന്ത്യയിലും വിദേശത്തുമായി ധാരാളം ചിത്ര പ്രദര്‍ശനങ്ങള്‍ സേതുനാഥ് പ്രഭാകര്‍ നടത്തിയിട്ടുണ്ട്.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ഒഐസിസി ന്യൂസ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്, ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് പദത്തില്‍ എത്തിയ തോമസ് ജോസഫ് മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിച്ചതെന്ന് ആശംസാ പ്രസംഗത്തില്‍ ജോസ് എം. ജോര്‍ജ് പറഞ്ഞു. അതുപോലെ തന്നെ കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സേതുനാഥ് പ്രഭാകര്‍ ശുന്യതയില്‍നിന്ന് വിസ്മയങ്ങള്‍ സൃഷ്ടിച്ച അതുല്യ കലാകാരനാണെന്നും ജോസ് എം. ജോര്‍ജ് അഭിപ്രായപ്പെട്ടു.

അത്യധികം ശ്രമകരവും പണചെലവേറിയതുമായ പ്രൈഡ് ഓഫ് ഓസ്ട്രേലിയ എന്ന സംരഭത്തിന് ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ സഹായസഹകരണങ്ങള്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ശശിധരന്‍ വാഗ്ദാനം ചെയ്തു.

സേതുനാഥ് പ്രഭാകറിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച മിഷന്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. തോമസ് ജോസഫിന് മിഷന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. ശ്രീനാരായണ മിഷന്‍ വനിതാ കമ്മിറ്റിയിലെ ബബിത ഗോപകുമാര്‍ അവതാരകയായിരുന്നു.

പ്രസിഡന്റ് കൃഷ്ണകുമാര്‍ യോഗത്തിന് നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ കേരളീയ ഭക്ഷണത്തോടെ യോഗം അവസാനിച്ചു.