പുതുക്കിയ പാസ്പോര്‍ട്ട് ആശയകുഴപ്പം തുടര്‍ന്നു
Tuesday, December 30, 2014 8:08 AM IST
കുവൈറ്റ്: പുതുക്കിയ പാസ്പോര്‍ട്ടില്‍ താമസരേഖ വിവരങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം രൂക്ഷമാകുന്നു. നിരവധി വിദേശി കുടുംബങ്ങളാണ് ഇഖാമ വിവരങ്ങള്‍ ശരിയല്ലാത്തതിന്റെ പേരില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും മടങ്ങിയെത്തുന്നത്.

കഴിഞ്ഞ ദിവസം മംഗലാപുരത്തേക്ക് യാത്ര തിരിച്ച മലയാളി ഫാമിലിക്കാണ് ഏറ്റവും ഒടുവിലായി ദുരുനുഭവം നേരിടേണ്ടിവന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ കുടുംബസമേതം നാട്ടിലേക്കും യുറോപ്യന്‍ രാജ്യത്തേക്കും യാത്ര ചെയ്ത പുതുക്കിയ പാസ്പോര്‍ട്ടുമായാണ് ഇവര്‍ എയര്‍ പോര്‍ട്ടില്‍ എത്തിയത്. ബാഗേജ് ക്ളിയറന്‍സും ബോര്‍ഡിംഗ് പാസും ലഭിച്ച ശേഷം എമിഗ്രഷന്‍ കൌണ്ടറിലെത്തിയ കുടുംബം പരിശോധനക്കായി തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചപ്പോഴാണ് തിക്താനുഭവം നേരിട്ടത്. കുടുംബിനിയുടെ പുതുക്കിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ എമിഗ്രേഷന്‍ സിസ്റത്തിലില്ലെന്നും ജവാസാത്ത് ഓഫീസില്‍ പോയി പുതുക്കിയാല്‍ മാത്രമേ യാത്ര തുടരുവാന്‍ സാധിക്കുകയുള്ളൂവെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെത്തന്നെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടി തന്നെയാണ് ലഭിച്ചത്. മൂന്ന് കുട്ടികളുമായി മണിക്കൂറുകള്‍ അവിടെ കാത്തിരുന്നിട്ടും അനുകൂലമായ നടപടി ഇല്ലാത്തതിനാല്‍ യാത്ര റദ്ദാക്കി വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു. അവരുടെ കൂടെ എമിഗ്രേഷന്‍ പരിശോധനക്ക് ഉണ്ടായിരുന്ന ഫിലിപ്പൈന്‍സ് സ്വദേശിക്കും ഇതേ അനുഭവമായിരുന്നു ഉണ്ടായത്.

ഇഖാമ വിവരങ്ങള്‍ പുതുക്കിയ പാസ്പോര്‍ട്ടില്‍ മാറ്റുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മാസങ്ങളായി അനേകം തവണ കുവൈറ്റിന് പുറത്തേക്ക് പോകുവാന്‍ ഉപയോഗിച്ച പുതുക്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ എമിഗ്രേഷന്‍ സിസ്റത്തിലില്ലായെന്ന കാരണത്താല്‍ അവസാന നിമിഷം യാത്രാനുമതി നിഷേധിക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിയമത്തിന് പരിപൂര്‍ണമായും വഴിപ്പെട്ട് പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് യഥാസമയം ഇഖാമ വിവരങ്ങള്‍ കൈമാറിയവരെ തങ്ങളുടെതല്ലാത്ത കാരണത്താല്‍ താത്കാലികമായി യാത്ര നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം എയര്‍ പോര്‍ട്ടില്‍ തന്നെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മന്റ് കൌണ്ടറുകളെ സമീപിച്ച് യാത്ര തുടരുവാനുള്ള സൌകര്യം ഏര്‍പ്പാടാക്കിയാല്‍ സാമ്പത്തിക നഷ്ടവും മാനസിക വിഷമത്തിനും ഒരളവോളം ആശ്വാസമുണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.

മരണവിവരം അറിഞ്ഞോ അത്യാസന്ന നിലയിലുള്ള ബന്ധുക്കളെ കാണുവാനോ യാത്ര തിരിക്കുന്ന ഹതഭാഗ്യരായവര്‍ക്കാണ് ഇത്തരം നിബന്ധനകള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയെന്ന് കരുതുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍