ലോകത്തിന്റെ പ്രാര്‍ഥനാ ഗീതം 'ദൈവദശകം' ഡിസംബര്‍ 30ന് ലോകമെമ്പാടും മുഴങ്ങും
Monday, December 29, 2014 10:15 AM IST
ന്യൂഡല്‍ഹി: ശ്രീ നാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം ലോകത്തിന്റെ പ്രാര്‍ഥനാ ഗീതമായി ലോകമെമ്പാടും ഡിസംബര്‍ 30ന് (ചൊവ്വ) ആലപിക്കും. മതാതീത ആത്മീയതയുടെ ആസ്ഥാനമായ ശിവഗിരി മഠത്തില്‍ നിന്നും വൈകുന്നേരം 6.30 നും 6.40 നും മധ്യേ ദൈവദശകം ആലപിക്കുമ്പോള്‍ ലോകമെമ്പാടും അത് ഏറ്റു പാടും.

ഡല്‍ഹി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ 25 ശാഖകളിലും യൂണിയന് കീഴിലുള്ള ഏഴ് ഗുരു മന്ദിരങ്ങളിലും ഈ സമയം ദൈവദശകം ആലപിക്കും.

രോഹിണിയിലെ യൂണിയന്റെ ആസ്ഥാന മന്ദിരത്തില്‍ ദൈവദശകം ആലാപനം യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, സെക്രട്ടറി കല്ലറ മനോജ് എന്നിവര്‍ നേതൃത്വം നല്‍കും. രോഹിണി ശാഖ സെക്രട്ടറി രജപുത്രന്‍, യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സുമതി ചെല്ലപ്പന്‍ എന്നിവര്‍ ദൈവദശകം ആലപിക്കുമ്പോള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ അത് ഏറ്റു പാടും.

ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍, ഗുരു മന്ദിരങ്ങള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍, പൊതു കേന്ദ്രങ്ങള്‍ തുടങ്ങി എല്ലായിടത്തും ദൈവദശകം ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കല്ലറ മനോജ് 9818144298.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി