വിവാഹത്തിന് വധുവരന്മാര്‍ ക്രിമിനല്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം
Monday, December 29, 2014 10:11 AM IST
കുവൈറ്റ് സിറ്റി: വിവാഹം കഴിക്കുന്നതിനുമുമ്പ് വധുവരന്മാര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന ക്രിമിനല്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കരട് പ്രമേയം. സാലിഹ് അല്‍ആഷൂര്‍ എംപി ആണ് ഇതു സംബന്ധിച്ച കരട് നിര്‍ദേശം സഭയില്‍ സമര്‍പ്പിച്ചത്.

വിവാഹത്തിനുമുമ്പ് വധുവരന്മാര്‍ മാരകരോഗങ്ങളില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും മുക്തരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന 2008 മുതല്‍ രാജ്യത്ത് പ്രാബല്യത്തിലുണ്ട്. ഈ നിയമത്തിന്റെ അനുബന്ധമായി തങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇതുകൂടാതെ, വിവാഹ നടപടികളിലേക്ക് കടക്കുന്നതിനുമുമ്പ് വധുവരന്മാരെ ചുരുങ്ങിയത് ഒരാഴ്ചത്തെ ഉദ്ബോധന കോഴ്സില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണമെന്നും എംപി നിര്‍ദേശം വച്ചിട്ടുണ്ട്.

മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ട കുടുംബ ജീവിതം നയിക്കാനും നല്ല സമൂഹത്തിന് അടിത്തറ പാകാനും ഇതുവഴി സാധിക്കും. രാജ്യത്തെ സാമൂഹിക ഘടനക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളുടെ തോത് കുറക്കാനും ഇതുവഴി സാധിക്കുമെന്ന് സാലിഹ് ആശൂര്‍ തന്നെ കരട് നിര്‍ദേശങ്ങളില്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍