പുതുവത്സരത്തനിമ 2015 ജനുവരി 15 ന്
Monday, December 29, 2014 10:09 AM IST
കുവൈറ്റ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തനിമയൊരുക്കുന്ന പുതവത്സരത്തനിമ 2015 ജനുവരി 15ന് വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളില്‍ അരങ്ങേറും.

ജനുവരി നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി പുതുക്കിയ സമയക്രമമനുസരിച്ച് നടത്തപ്പെടുന്നതാണ്.

കുവൈറ്റിലെ പ്രമുഖമായ പത്തോളം കരോള്‍ സംഘങ്ങള്‍ പങ്കെടുക്കുന്ന നാടന്‍ കരോള്‍ മത്സരമാണ് ഇത്തവണയും പുതുവത്സരത്തനിമയുടെ മുഖ്യാകര്‍ഷണം. പുതുവത്സരത്തനിമയോടനുബന്ധിച്ച് കുവൈറ്റിലെ എല്ലാ ഭാഗങ്ങളിലുമുള്ള റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളെ പങ്കെടുപ്പിച്ചുകൊണ്ട് വൈദ്യുതിദീപാലങ്കാര മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വൈദ്യുതാലങ്കാരങ്ങള്‍ നടത്തിയിട്ടുള്ള ബില്‍ഡിംഗുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ബില്‍ഡിംഗ് നമ്പര്‍, സ്ട്രീറ്റ് നമ്പര്‍, ബ്ളോക്ക് നമ്പര്‍ എന്നിവ സഹിതം 99395656, 99875316, 97526427, 66528782 എന്ന നമ്പരുകളില്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

നാടന്‍ കരോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കും മേല്‍പറഞ്ഞ നമ്പരുകളില്‍ രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

മത്സരവിജയികള്‍ക്ക് തനിമ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. പുതുവത്സരതനിമയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സാമൂഹ്യ, സാംസ്കാരിക നായകര്‍ സന്ദേശങ്ങള്‍ നല്‍കും.

റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് ദീപാലങ്കാര മത്സരത്തിലെ വിധിനിര്‍ണയം ജനുവരി ഏഴോടെ പൂര്‍ത്തിയാകുമെന്ന് തനിമ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍