പാസ്പോര്‍ട്ട് കാലാവധി : ചില വിഭാഗങ്ങള്‍ക്ക് ഇളവ്
Monday, December 29, 2014 4:57 AM IST
കുവൈറ്റ്: നിശ്ചിത സമയത്തിനുള്ളില്‍ വിദേശികള്‍ തങ്ങളുടെ പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് ഇഖാമ വിവരങ്ങള്‍ മാറ്റണമെന്നും അല്ലാത്തവര്‍ പിഴ ഒടുക്കേണ്ടിവരുമെന്ന നിയമം പ്രാബല്യത്തിലായിരിക്കെ ചില വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി.

ഗാര്‍ഹിക തൊഴിലാളികളെയും വിദേശികള്‍ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളെയും അവരുടെ മക്കളെയുമാണ് പിഴ ഒടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസേവനകാര്യങ്ങളുമായി ബന്ധപ്പെട്ട ഡിപാര്‍ട്മെന്റ് മേധാവി കേണല്‍ അന്‍വര്‍ അല്‍ ബര്‍ജസ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. ഇതുപ്രകാരം സ്വദേശി വീടുകളില്‍ ജോലി ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 20ാം നമ്പര്‍ വിസയിലുള്ള ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് തങ്ങളുടെ ഇഖാമ വിവരങ്ങള്‍ മാറ്റാതിരുന്നാല്‍ അവര്‍ പിഴ ഒടുക്കേണ്ടിവരില്ല. ആര്‍ട്ടിക്ക്ള്‍ 22ാം നമ്പര്‍ ഇഖാമയിലുള്ള വിദേശികള്‍ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളുടെ മക്കളും പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് ഇഖാമ മാറ്റാന്‍ വൈകിയതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടിവരില്ല.

കുവൈറ്റിലായിരിക്കെ പാസ്പോര്‍ട്ട് പുതുക്കിയ വിദേശികള്‍ പഴയ പാസ്പോര്‍ട്ടിന്റെ കാലപരിധി തീര്‍ന്ന് രണ്ടുമാസത്തിനുള്ളിലും രാജ്യത്തിന് പുറത്തുനിന്ന് പാസ്പോര്‍ട്ട് പുതുക്കിയവര്‍ ഒരുമാസത്തിനുള്ളിലും പുതിയ പാസ്പോര്‍ട്ടിലേക്ക് ഇഖാമ മാറ്റണമെന്ന നിയമം അടുത്തിടെയാണ് അധികൃതര്‍ കള്‍ശനമാക്കിയത്. ഇതില്‍ വീഴ്ച വരുത്തുന്നവരില്‍നിന്ന് ദിനംപ്രതി രണ്ട് ദീനാര്‍ വീതം പിഴ ഈടാക്കുമെന്ന നിയമമാണ് പ്രാബല്യത്തിലായത്. ചില രാജ്യക്കാര്‍ക്ക് കാലാവധി തീര്‍ന്നാല്‍ പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിന് പകരം പഴയ പാസ്പോര്‍ട്ടില്‍ പ്രത്യേകം സീല്‍ പതിച്ചുനല്‍കുകയാണ് തങ്ങളുടെ എംബസികള്‍ ചെയ്യാറ്. ഇത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ ഇഖാമ പുതുക്കിയിട്ടും ആ വിവരങ്ങള്‍ തങ്ങളുടെ പാസ്പോര്‍ട്ടുകളിലേക്ക് മാറ്റുന്നതിന് വ്യാപകമായി വീഴ്ചവരുത്തുന്നുണ്െടന്നാണ് അധികൃതര്‍ കണ്ടത്തിെയിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് വിദേശികളുടെ റെസിഡന്‍ഷ്യല്‍ കാര്യങ്ങളില്‍ ഏകീകരണം വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് അധികൃതര്‍ നിയമം ശക്തമാക്കിയത്.

അതിനിടെ, ഇഖാമ വിവരങ്ങള്‍ പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഈജിപ്ഷ്യന്‍ വംശജര്‍ തങ്ങളുടെ എംബസിയില്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. നിയമം പ്രാബല്യത്തിലായതോടെ ഇഖാമ വിവരങ്ങള്‍ പുതുക്കിയ പാസ്പോര്‍ട്ടിലേക്ക് മാറ്റുന്നതിനായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിലത്തുെന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വീഴ്ചവരുത്തിയവരില്‍നിന്നുള്ള പിഴ ഇനത്തില്‍ ഇതുവരെ ആയിരക്കണക്കിന് ദീനാര്‍ ലഭിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍