ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ യോഗം നടത്തി
Wednesday, December 24, 2014 7:39 AM IST
മെല്‍ബണ്‍: കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 23 ന് ഒഐസിസി അനുസ്മരണം നടത്തി.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതികള്‍ നിയന്ത്രിച്ച കെ. കരുണാകരന്‍ പാവങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഒഐസിസി ദേശീയ സെക്രട്ടറി ജോര്‍ജ് തോമസ് അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രിമാരെ നിയമിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള കരുണാകരന്‍ അഞ്ചു പതിറ്റാണ്ട് രാഷ്ട്രീയ നേതൃനിരയിലെ നേതാക്കളുടെ ഒരു കിംഗ് മേയ്ക്കര്‍ ആയിരുന്നുവെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. പ്രതിസന്ധികളായിരുന്നു ലീഡറിന്റെ ഊര്‍ജം എന്നും സാധ്യതകളെ യാഥാര്‍ഥ്യമാ ക്കിയിരുന്ന നേതാവ്, ഏഴു ദശാബ്ദക്കാലം പ്രതിയായും വാദിയായും സാഹസികമായ ജ്വലിക്കുന്ന പോരാട്ടം നടത്തി. ഭീതിയെ പുഞ്ചിരികൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഭയം തേടി എത്തുന്നവര്‍ക്കെതിരെ വാതില്‍ അടക്കാതെ അണികളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു ലീഡര്‍ജി എന്നും അനുസ്മരിച്ചു.

ചരല്‍ക്കുന്ന് കെഎസ്യു ക്യാമ്പിലെ കരുണാകരന്റെ ആവേശകരമായ പ്രസംഗവും യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ ഒഐസിസി വിക്ടോറിയ സെക്രട്ടറിമാരായ ജിബി ഫ്രാങ്ക്ലിന്‍, ബോസ്കോ തിരുവനന്തപുരം, ലിബറല്‍ പാര്‍ടി കാമ്പയിന്‍ ആക്ടിംഗ് പ്രസിഡന്റ് പ്രസാദ് ഫിലിപ്പ്, ലീഡറുടെ ബന്ധു മായാ ദിലിപ് എന്നിവര്‍ പ്രസംഗിച്ചു.

കെപിസി സി പ്രസിഡന്റ് വി.എം സുധീരന്റെ മദ്യനയത്തിന് ഒഐസിസി ദേശീയ കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മദ്യ നയം അട്ടിമറിക്കുവാനുള്ള ചിലരുടെ നീക്കം മദ്യലോബിയെ സഹായിക്കുവാനാണെന്നും വി എം സുധീരനെ ഒറ്റപ്പെടുത്തുവാനുള്ള നടപടി തികച്ചും അപലനീയമാണെന്നും ഒഐസിസി ദേശീയ കമ്മിറ്റി പറഞ്ഞു. ജനപക്ഷ യാത്രയില്‍ വി.എം സുധീരന് ജനങ്ങള്‍ നല്‍കിയ വിജയം സാധാരണ പ്രവര്‍ത്തകന്റെ വികാരമാണെന്നും അനുസ്മരണ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.