മെല്‍ബണില്‍ ക്രിസ്മസ് പുല്‍ക്കൂട് മല്‍സരം
Tuesday, December 23, 2014 10:00 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ പുല്‍ക്കൂട് മല്‍സരത്തില്‍ സിഡ്നം വാര്‍ഡിലെ റോയി ജോര്‍ജ് ഒന്നാം സ്ഥാനം നേടി. ബേത്ലഹേമില്‍ ഉണ്ണി ഈശോ പിറന്നു വീണ കാലിതൊഴുത്തും പരിസരവും ബേത്ലഹേം പട്ടണവുമെല്ലാം തന്റെ സ്വീകരണമുറിയില്‍ പുനരവതരിപ്പിച്ചാണ് റോയി ജോര്‍ജ് സമ്മാനര്‍ഹനായത്.

മുളയും വയ്ക്കോലും കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്‍ക്കൂടും ചരലും വെള്ളാരംകല്ലും കൊണ്ട് ചിട്ടപ്പെടുത്തിയ വഴികളും കടലാസുകൊണ്ട് നിര്‍മിച്ച വീടുകളും കിണറും കുളവും വേലിയുമെല്ലാം കാഴ്ചയുടെ ഒരു വര്‍ണവിസ്മയം തന്നെ തീര്‍ത്തു. മനോഹരമായ ഈ പുല്‍ക്കൂട് കാണാന്‍ ടെയ്ലേഴ്സ് ഹില്ലിലുള്ള റോയിയുടെയും മായയുടെയും ഭവനത്തിലേക്ക് മലയാളികളും തദ്ദേശിയരുമായ നിരവധിപേര്‍ എത്തിച്ചേരുന്നുണ്ട്.

റിസര്‍വോയര്‍ വാര്‍ഡിലെ ബിനേഷ് സ്കറിയ രണ്ടാം സ്ഥാനവും സൌത്ത് മൊറാംഗ് വാര്‍ഡിലെ ജോര്‍ജ് ആന്റണിയും കരോളിന്‍ സ്പ്രിംഗ് വാര്‍ഡിലെ ബെന്നി ജോസഫും മൂന്നാം സ്ഥാനവും നേടി. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി നടന്ന പുല്‍ക്കൂട് മല്‍സരത്തില്‍ വിജയികളായവരെ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍