അനിയന്‍ ജോര്‍ജ് സിനിമാ നിര്‍മാണ രംഗത്തേക്ക്; പൃഥ്വിരാജ് നായകന്‍
Monday, December 22, 2014 9:53 AM IST
അറ്റ്ലന്റ: ധര്‍മിക് ഫിലിംസിന്റെ ബാനറില്‍ ധാത്രി ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍ നിര്‍മിക്കുന്ന 'ഇവിടെ' എന്ന ചിത്രത്തിന് അമേരിക്കന്‍ സംഘടനാ പ്രമുഖനും ബിസിനസുകാരനുമായ അനിയന്‍ ജോര്‍ജ് കോ-പ്രൊഡ്യൂസറാകുന്നു.

പൃഥ്വിരാജ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ച മുമ്പ് അറ്റ്ലാന്റിയില്‍ ആരംഭിച്ചു.

അക്കരകാഴ്ചകള്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച അജയന്‍ വേണുഗോപാലന്‍ ആണ് ക്രൈം ആസ്പദമാക്കി പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

സാധാരണ സിനിമയായ ഷൂട്ടിംഗ് ചടങ്ങുകള്‍ ഒരു പൂജയോടെ ആരംഭിക്കുമ്പോള്‍ 'ഇവിടെ' എന്ന സിനിമ തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരുടെ ആക്ഷന്‍ വര്‍ക്ഷോപ്പോടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചി ക്രൌണ്‍ പ്ളാസ ഹോട്ടലില്‍ ലോഞ്ചിംഗ് സെറിമണി നടത്തിയത്.

അജു വര്‍ഗീസ്, വൈ.ജി. മഹേന്ദ്ര എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അമേരിയില്‍ നിന്നാണെന്നും അടുത്ത മാര്‍ച്ചില്‍ തീയേറ്ററില്‍ എത്തിക്കാനാണ് പ്ളാന്‍ ചെയ്യുന്നതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമാ നിര്‍മാണ രംഗത്തെ തന്റെ ആദ്യ കാല്‍വയ്പായ ഈ ചിത്രത്തിനുശേഷം കൂടുതല്‍ പ്രോജക്ടുകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്െടന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം