അമേരിക്കന്‍ സൈനിക സേവനത്തില്‍ ഇന്ത്യന്‍ സഹോദരിമാരും
Monday, December 22, 2014 9:27 AM IST
ലോസാഞ്ചല്‍സ്: ഇന്ത്യന്‍-അമേരിക്കന്‍ വംശജരായ സഹോദരിമാര്‍ സ്റാഫ് സാര്‍ജന്റ് ബല്‍റീറ്റ്, സാര്‍ജന്റ് ജസ്ലീന്‍ കൌര്‍ കെയ്റ എന്നിവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ അഭിമാനമായി മാറുന്നു.

കലിഫോര്‍ണിയ എയര്‍നാഷണല്‍ ഗാര്‍ഡ് ഇന്ത്യയിലെ റാണിക്കട്ട് കന്റോണ്‍മെന്റില്‍ ഈയിടെ നടത്തിയ യുദ്ധ അഭ്യാസ് 2014 ല്‍ ഈ സഹോദരിമാര്‍ പങ്കെടുത്തിരുന്നു. ഇന്ത്യ-യുഎസ് സൈനികര്‍ക്കിടയില്‍ ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഭാഷ സഹായികളായി ഇവര്‍ നടത്തിയ സേവനം പ്രശംസനീയമായിരുന്നു.

17 വയസില്‍ മിലിട്ടറിയില്‍ ചേര്‍ന്ന ബല്‍റീറ്റ് കൌര്‍ ഇറാക്കിലെ യുദ്ധ മേഖലയില്‍ നിയോഗിക്കപ്പെട്ടിരുന്ന കലിഫോര്‍ണിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്. ജസ്ലീന്‍ കൌര്‍ സഹോദരിയുടെ പാത പിന്തുടര്‍ന്ന് കലിഫോര്‍ണിയ ഗാര്‍ഡില്‍ മെഡിക്കല്‍ വിഭാഗത്തില്‍ അംഗമായിരുന്നു. നഴ്സായി ജോലി ചെയ്യുന്ന ജസ്ലിന്‍ നഴ്സസ് പ്രാക്ടീഷണര്‍ ആകാനുള്ള പഠനത്തിലാണ്. അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം വളരെ പരിമിതമാണെന്നുളളതാണ് ഇവര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടാനിടയായത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍