89 ബില്യന്‍ യൂറോ നിക്ഷേപം പ്രതീക്ഷിച്ച് ജര്‍മനി
Saturday, December 20, 2014 11:17 AM IST
ബര്‍ലിന്‍: 58 വ്യത്യസ്ത പദ്ധതികളിലായി ജര്‍മനി 89 ബില്യന്‍ യൂറോ സ്വകാര്യ നിക്ഷേപം കാത്തിരിക്കുന്നു. ഇതില്‍ രാജ്യത്തിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ മാത്രമാണ് 24 ബില്യന്‍ പ്രതീക്ഷിക്കുന്നത്.

കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 13.5 ബില്യന്‍, മോട്ടോര്‍വേ ശേഷി വര്‍ധിപ്പിക്കാന്‍ പത്തു ബില്യന്‍ എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍. യൂറോപ്പിലാകമാനം 315 ബില്യന്‍ യൂറോയുടെ നിക്ഷേപ പദ്ധതിയാണ് യൂറോപ്യന്‍ കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യും.

സാമ്പത്തിക അച്ചടക്ക നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ജര്‍മന്‍ സര്‍ക്കാരിന് അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ മുടക്കാന്‍ പണമില്ലാത്ത സാഹചര്യമാണ്. അതിനാല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് അറുപതു ബില്യന്‍ യൂറോ വായ്പയ്ക്കും ശ്രമിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍