ലുഫ്താന്‍സയില്‍ പറക്കാന്‍ വേട്ടപരുന്തുകളും
Saturday, December 20, 2014 11:16 AM IST
ബര്‍ലിന്‍: വേട്ടപ്പരുന്തുകളെ വിമാനത്തില്‍ കൊണ്ടുപോകാന്‍ ലുഫ്താന്‍സ അനുമതി നല്‍കുന്നു. ഫാല്‍ക്കണ്‍ മാസ്റര്‍ ട്രേ എന്ന പ്രത്യേക ഉപകരണം ഇതിനായി നല്‍കും. കൂടും ഭക്ഷണവും നല്‍കാനുള്ള സൌകര്യവും ഉള്‍പ്പെടുന്നതാണിത്. വിമാനത്തിന്റെ സീറ്റ് മറിച്ചാണ് ഈ സൌകര്യം ഉപയോഗിക്കാന്‍ സാധിക്കുക. എയര്‍ബസ്, ബോയിംഗ് തുടങ്ങിയ വിമാനങ്ങളില്‍ ഇതു ഘടിപ്പിക്കും.

പക്ഷികളില്‍നിന്നുള്ള മാലിന്യങ്ങളൊന്നും ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തിലാണ് ട്രേ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് മൂന്നു ഭാഗങ്ങളായി അടര്‍ത്തിയെടുത്ത് ഭാരം കുറഞ്ഞ പെട്ടിയിലാക്കി വയ്ക്കാനും സാധിക്കും.

ഇതിന്റെ ലൈസന്‍സിംഗ് പ്രക്രിയ പൂര്‍ത്തിയാകാന്‍ ആറു മാസത്തിലേറെ സമയമെടുക്കും. മധ്യപൂര്‍വേഷ്യയില്‍നിന്നുള്ള യാത്രക്കാരെയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ പലതിലും ഇവയെ കൂടെ കൂട്ടാന്‍ അനുമതിയുള്ളതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍