യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ പ്രോജക്ടിന് ഇന്ത്യന്‍ കുടുംബാംഗങ്ങളുടെ സംഭാവന
Saturday, December 20, 2014 11:10 AM IST
ഹൂസ്റണ്‍: അമ്പത്തി ഒന്ന് മില്യണ്‍ ഡോളര്‍ ചെലവഴിച്ച് യുഎസില്‍ നിര്‍മിക്കുന്ന മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് ആന്‍ഡ് എന്‍ജിനിയറിംഗ് ബില്‍ഡിംഗ് പ്രോജക്ടിന് രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നു.

ഡിസംബര്‍ 12 ന് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ അധികൃതരാണ് ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണില്‍ നിന്നും എന്‍ജിനിയറിംഗില്‍ ബിരുദമെടുത്ത ദുര്‍ഗ അഗര്‍വാള്‍, ഭാര്യ സുശീല അഗര്‍വാള്‍, ധര്‍മേഷ്, ജെയ്, രാഹുല്‍, നിഷ മേത്ത് എന്നീ മുന്‍ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളായ ഭൂപത്, ജ്യോതി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സാമ്പത്തിക സഹായം നല്‍കുന്ന രണ്ട് കുടുംബങ്ങള്‍.

ഒന്നാം നിലയില്‍ സജീകരിക്കുന്ന കംപ്യൂട്ടേഷണല്‍ സെന്ററിന് വരുന്ന മുഴുവന്‍ ചെലവുകള്‍ മേത്ത കുടുംബവും രണ്ടാം നിലയില്‍ ഗവേഷണങ്ങള്‍ക്കുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള മുഴുവന്‍ ചെലവുകള്‍ ദുര്‍ഗാ, സുശീല അഗര്‍വാള്‍ കുടുംബവും സംഭാവനയായി നല്‍കും.

ലോകോത്തര എന്‍ജിനിയറിംഗ് ഫെസിലിറ്റി ഈ രണ്ടു കുടുംബാംങ്ങളുടേയും സഹകരണത്തോടെ പടുത്തുയര്‍ത്തനാകും എന്ന യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ പ്രസിഡന്റ് രേണു കട്ടോര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണില്‍ വിദ്യാര്‍ഥിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് അഗര്‍വാള്‍ കുടുംബാംഗങ്ങള്‍ പറഞ്ഞത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍