ജര്‍മന്‍ ഫുട്ബോള്‍ താരം മാര്‍ക്കോ റൊയസിന് അഞ്ചര ലക്ഷം യൂറോ പിഴ
Friday, December 19, 2014 10:12 AM IST
ബര്‍ലിന്‍: ജര്‍മനിയുടെയും ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്റെയും ഫുട്ബോള്‍ താരമായ മാര്‍ക്കോ റൊയസിന് 5,40,000 യൂറോ പിഴ. വര്‍ഷങ്ങളായി ലൈസന്‍സ് ഇല്ലാതെ കാറോടിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2011 സെപ്റ്റംബറിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ ആറു വട്ടമെങ്കില്‍ റൊയസ് വാഹനം ഓടിച്ചിരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. 90 ദിവസത്തിനുള്ളില്‍ പിഴയൊടുക്കാനാണ് നിര്‍ദേശം.

1,80,000 യൂറോയാണ് റൊയസിന്റെ പ്രതിമാസ വരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നത്. പരുക്കു കാരണം ലോകകപ്പും ക്ളബിന്റെ നിരവധി മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു റൊയസിന്.

ഇദ്ദേഹം ഒരിക്കലും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ് പാസായിട്ടില്ലെന്നാണ് വിവരം. എന്നിട്ടും വാഹനം ഓടിച്ചതിന് സ്വയം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഇരുപത്തിയഞ്ചുകാരനായ റൊയസ് പ്രതികരിച്ചതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍