ബ്രസല്‍സ് ഉച്ചകോടിയില്‍ നിക്ഷേപ പദ്ധതിയും റഷ്യന്‍ പ്രശ്നവും ചര്‍ച്ചാവിഷയം
Friday, December 19, 2014 10:12 AM IST
ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനത്ത് ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയനായുള്ള നിക്ഷേപ പദ്ധതികളും റഷ്യന്‍ പ്രശ്നവും സജീവമായി ചര്‍ച്ച ചെയ്യുന്നു.

അടിസ്ഥാനസൌകര്യ വികസന പദ്ധതികള്‍ക്കായി 315 ബില്യന്‍ യൂറോയുടെ സ്വകാര്യ നിക്ഷേപം സമാഹരിക്കാനാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ളൌഡെ ജുങ്കര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഗതാഗത, ഊര്‍ജ മേഖലകളിലാണ് ഇതില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്. സ്കൂളുകള്‍, ആശുപത്രികള്‍, ബ്രോഡ്ബാന്‍ഡ് എന്നിവയുടെ വികസനവും ഇതില്‍ പെടുന്നു.

ഇതിനിടെ, യുക്രെയ്നില്‍നിന്ന് റഷ്യയോടു ചേര്‍ക്കപ്പെട്ട ക്രിമിയയ്ക്കു മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു. മേഖലയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടാത്ത സാഹചര്യത്തില്‍ ഉപരോധങ്ങളില്‍ ഇളവു നല്‍കുന്നതും പരിഗണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍