കുട്ടികളോടെന്തിനീ ക്രൂരത: മാര്‍ തിയഡോഷ്യസ്
Friday, December 19, 2014 10:05 AM IST
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ പെഷവാറിലെ സൈനിക സ്കൂളിനുനേരെ നടന്ന തെഹ് രീകെ-താലിബാന്‍ ഭീകരരുടെ കൊടും ക്രൂരതയില്‍ സ്വന്തം കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ മുറവിളി ലോകമനസാക്ഷിക്കുമുന്നില്‍ ഒരു ചോദ്യം ഉയര്‍ത്തുന്നു. കുട്ടികളോടെന്തിന് ഈ ക്രൂരത?

മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ദുരന്തത്തില്‍ തീവ്രമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ നരഹത്യക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചുവെന്നും പ്രസ്താവനയിലൂടെ ഓര്‍മിപ്പിച്ചു.

രാജ്യാന്തര അതിരുകള്‍ ഭേദിച്ച് ജാതി-മത-വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായി നാളത്തെ തലമുറയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് മാര്‍ തിയഡോഷ്യസ് പ്രസ്താവിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടി 2014 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഏറ്റുവാങ്ങിയ മലാല യൂസഫ് സായ് എന്ന വിദ്യാര്‍ഥിനിയെ വധിക്കാന്‍ ശ്രമിച്ച തെഹ് രികെ താലിബാന്‍ ഭീകരരുടെ ക്രൂരതയുടെ പൈശാചിക മുഖമാണ് പെഷവാര്‍ സ്കൂളില്‍ നാം വീണ്ടും കണ്ടത്.

വിശ്വമാനവികതയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. പുല്‍ക്കൂട്ടില്‍ ജനിച്ച ശിശു പ്രതിനിധാനം ചെയ്യുന്നത് നാളെയുടെ വാഗ്ദാനമായി വളരേണ്ട കുട്ടികള്‍ക്ക് കരുതലും സ്നേഹവും സംരക്ഷണവും നല്‍കുക എന്നതാണ്. വൈകാരികമായി പ്രതികരിക്കുന്ന മനസായി നഷ്ടമായ മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കി മാറ്റുവാന്‍ നമുക്ക് കൈകോര്‍ക്കാം. ലോക സമാധാനത്തിനായും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരേയും ഓര്‍ത്ത് പ്രാര്‍ഥിക്കാന്‍ മാര്‍ തിയഡോഷ്യസ് ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല