മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
Friday, December 19, 2014 6:28 AM IST
റിയാദ്: ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് വെണ്ണിയൂര്‍ സ്വദേശി കക്കോടന്‍ സെയ്തലവി (54) ശുമൈസി ആശുപത്രിയില്‍ നിര്യാതനായി. അപ്പെന്‍ഡിസെറ്റിസ് വേദനയെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ബത്ഹയിലെ സ്വകാര്യ പോളിക്ളിനിക്കിലും തുടര്‍ന്ന് ശുമൈസി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഓപ്പറേഷന്‍ നടത്തിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

സാമ്പത്തിക പരാധീനതകള്‍ കാരണം അഞ്ച് വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ഭാര്യ ഖദീജ. മകന്‍ ബഷീര്‍ സൌദിയിലുണ്ടായിരുന്നെങ്കിലും നിതാഖാത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ പോയിരുന്നു. നസീമ, നദീറ എന്നീ പെണ്‍മക്കളുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നാട്ടുകാരനും സുഹൃത്തുമായ രാജീവും സഹായത്തിന് കൂടെയുള്ള സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍