യൂറോപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് റോഡ് ടോള്‍ പദ്ധതിയുമായി ജര്‍മനി മുന്നോട്ട്
Thursday, December 18, 2014 10:20 AM IST
ബര്‍ലിന്‍: ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന റോഡ് ടോള്‍ പദ്ധതിയുമായി ജര്‍മന്‍ സര്‍ക്കാര്‍ മുന്നോട്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് തുടരുന്ന ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

പ്രശസ്തമായ ഓട്ടോബാന്‍ ശൃംഖല ഉപയോഗിക്കുന്ന വിദേശ ഡ്രൈവര്‍മാരില്‍നിന്ന് ടോള്‍ ഈടാക്കുന്നതാണ് പദ്ധതി. പ്രതിവര്‍ഷം 130 യൂറോ വരെ ടോള്‍ കണക്കാക്കപ്പെടുന്നു. എന്‍ജിന്‍ സൈസും എമിഷനും നോക്കിയാണ് ഇതു നിശ്ചയിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പ് മറികടക്കാന്‍ ജര്‍മന്‍ പൌരന്‍മാര്‍ക്കു കൂടി സാങ്കേതികമായി ടോള്‍ ഏര്‍പ്പെടുത്തും. എന്നാല്‍, അതിനു തുല്യമായ തുക അവരുടെ വെഹിക്കിള്‍ ടാക്സില്‍നിന്ന് കുറയ്ക്കും. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പ്രകാരം വിവേചനം ആരോപിക്കപ്പെടുന്നത് സാങ്കേതികമായി മറികടക്കുകയാണ് ഈ മാര്‍ഗത്തിനാല്‍ ഉദ്ദേശിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍