പ്രവാസി ഫുട്ബോള്‍ കൂട്ടായ്മക്ക് സൌദിയില്‍ ഏകീകൃത വേദി രൂപപ്പെടുന്നു
Thursday, December 18, 2014 10:18 AM IST
ദമാം: സൌദിയുടെ വിവിധ പ്രവിശ്യകളില്‍ നിലവിലുള്ള പ്രവാസി ഫുട്ബോള്‍ കൂട്ടായ്മകളെ എകോപിച്ച് ഒരു വേദിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. രൂപീകരണത്തിന്റെ ഭാഗമായി ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും ജിദ്ദയിലെ സൌദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രതിനിധികളും പങ്കെടുത്ത ആദ്യഘട്ട ചര്‍ച്ചക്ക് ദമാം വേദിയായി.

ജനുവരി ആദ്യവാരത്തില്‍ ജിദ്ദയില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും കൂടി പങ്കെടുക്കുന്ന വേദിയില്‍ കൂട്ടായ്മയുടെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ത്യയിലെ വിശേഷിച്ചു കേരളത്തിലേ ഫുട്ബോളിന് വളര്‍ച്ചക്ക് കുതിപ്പേകാന്‍ ഉപകരിക്കുന്ന സമഗ്രമായ പദ്ധതികള്‍ ഈ കൂട്ടായ്മക്ക് കീഴിയില്‍ നടപ്പിലാക്കാനാകുമെന്ന് സംഘാടകര്‍ ശുഭാപ്തി പ്രകടിപ്പിക്കുന്നു. ചെറു പ്രായത്തില്‍ പ്രതിഭകളെ പിടികൂടാനും മികച്ച പരിശീലനം നല്‍കാനും ഈ വേദിക്ക് കിഴില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. സൌദിയില്‍ നിലവില്‍ രജിസ്റര്‍ ചെയ്ത കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളോടൊപ്പം സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫുട്ബോള്‍ മേളക്ക് ക്യത്യമായ ഷെഡ്യുള്‍ കൊണ്ടുവരുന്നതിനും മത്സര കലണ്ടര്‍ നടപ്പാക്കും. ഒപ്പം കളിക്കളത്തില്‍ അച്ചടക്കമടക്കമുള്ള കാര്യങ്ങള്‍ക്ക് ഫിഫയുടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കി എകോപനം ഉണ്ടാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ദമാമില്‍ നടന്ന ചര്‍ച്ചയില്‍ സിഫ് പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍, ഡിഫ പ്രസിഡന്റ് അബ്ദുള്‍ റസാക് ചേരിക്കല്‍, മുന്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി താരം അബ്ദുള്‍ റഫീക്, ഡിഫ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ. അബ്ദുസലാം, ഡിഫ ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

സൌദിയുടെ പ്രധാന പ്രവിശ്യകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ കൂട്ടായ്മകള്‍ക്ക് കീഴില്‍ നിരവധി ഫുട്ബോള്‍ ക്ളബുകളാണ് രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ക്ളബുകള്‍ രജിസ്റര്‍ ചെയ്യുന്നതോടൊപ്പം അസോസിയേഷനുകളില്‍ കളിക്കാരും രജിസ്റര്‍ ചെയ്യപ്പെടുന്നു. സൌദിയില്‍ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മക്ക് ഏകീക്യത വേദി രൂപപ്പെടുന്നതോടെ കൂടുതല്‍ ക്രിയാത്മകവും സംഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം