യുകെയിലെ സീറോ മലബാര്‍ സഭയ്ക്ക് പുതിയ നാഷണല്‍ കൌണ്‍സില്‍
Tuesday, December 16, 2014 10:19 AM IST
ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ പ്രഥമ നാഷണല്‍ കൌണ്‍സില്‍ യോഗം നവംബര്‍ 27ന് ലണ്ടനിലുള്ള ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ നടന്നു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ സീറോ മലബാര്‍ രൂപതാ കേന്ദ്രങ്ങളുടെ ചുമതലയുള്ള വൈദികരും പ്രതിനിധികളും പങ്കെടുത്തു.

ആമുഖപ്രഭാഷണത്തിനുശേഷം യോഗം ഫാ. ജോസഫ് പോന്നേത്തിനെ (ലീഡ്സ് രൂപത) ജനറല്‍ സെക്രട്ടറിയായും സാജു പോളിനെ (മിഡില്‍സ്ബ്രോ രൂപത) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. നാഷണല്‍ കൌണ്‍സിലിന്റെ വക്താവായി ഫാ. ആന്റണിയെ നിയമിച്ചു. നാഷണല്‍ കോഓര്‍ഡിനേഷനുവേണ്ടി അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളും തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ രൂപീകരണ ത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭയുടെ ഇടവക പൊതുയോഗ പ്രതിനിധിയോഗ നിയമ നടപടിക്രമങ്ങളുടെ അംഗീകരിച്ച പതിപ്പ് യോഗത്തില്‍ പ്രകാശനം ചെയ്തു. എല്ലാ കേന്ദ്രങ്ങളിലും പ്രതിനിധി യോഗം നിലവില്‍ വരണമെന്ന് യോഗം തിരുമാനമെടുത്തു.

ചില പ്രധാന കമ്മിറ്റികള്‍ക്ക് യോഗം രൂപം നല്‍കി. വിശ്വാസ പരിശീലനത്തിന്റെ നാഷണല്‍ ഡയറക്ടറായി അംഗീകരിച്ച ഫാ. മാത്യു ചൂരപൊയ്കയിലും (ലങ്കാസ്റര്‍ രൂപത), യുവജന സംഘടനയുടെ നാഷണല്‍ ഡയറക്ടറായ ഫാ. ബിജു കുന്നക്കാട്ടും (നോട്ടിംഗ്ഹാം രൂപത) ഭാവിപരിപാടികളെക്കുറിച്ച് സംസാരിച്ചു. സ്റഡിക്ളാസുകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ധ്യാനങ്ങള്‍ തുടങ്ങിയവ വഴി മുതിര്‍ന്നവരുടെ വിശ്വാസ പരിപോഷണപരിപാടികളുടെ നാഷണല്‍ ഡയറക്ടറായി ഫാ. ബിജു കൊറ്റനല്ലൂരിനെ (സതക്ക് അതിരൂപത) നിയോഗിച്ചു.

വര്‍ഗീസ് തോമസിനെ (ഹെക്സം ന്യൂകാസില്‍ രൂപത) യോഗം സാമ്പത്തിക കാര്യങ്ങളുടെ ചുമതലയേല്‍പ്പിച്ചു. നാഷണല്‍ കോഓര്‍ഡിനേഷന്റെ നടത്തിപ്പിനായി എല്ലാവരും സാമ്പത്തികമായും സഹകരിക്കണമെന്ന് തീരുമാനമായി. സീറോ മലബാര്‍ സഭയുടെ കാനോനിക നിയമസംഹിതയനുസരിച്ച് ഒരു അത്മായ സംഘടനക്ക് രൂപം നല്‍കുന്നതിനെപ്പറ്റി കൊടുത്ത കരട് നിയമാവലി യോഗം ചര്‍ച്ച ചെയ്തു. സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടറായി ഫാ. തോമസ് തൈക്കൂട്ടത്തിനെയും (സാല്‍ഫോര്‍ഡ് രൂപത), നിയമാവലി രൂപീകരിക്കുന്നതിനായി ജോണ്‍ കുര്യനെയും (ലീഡ്സ് രൂപത) ചുമതലപ്പെടുത്തി. പൊതുയോഗ പ്രതിനിധിയോഗ നിയമാവലിക്കനുസരിച്ച് റിസോലൂഷന്‍ കമ്മിറ്റി അംഗങ്ങളായി ഫാ. ജോസ് അന്തിയാംകുളം, (ബ്രെന്റ് വുഡ് രൂപത) ഫാ. ജോസ് തൈയില്‍ (വെസ്റ്മിന്‍സ്റര്‍ രൂപത) ജോബി പുതുക്കുളങ്ങര (നോട്ടിംഗ്ഹാം രൂപത) എന്നിവരെയും തിരഞ്ഞെടുത്തു.

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.്യൃീാമഹമയമൃരവൌൃരവൌസ.ീൃഴ യുടെ ചുമതല ഫാ. ജോസഫ് പൊന്നേത്തിനാണ്. പുതിയ നിയമാവലിക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു വരുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി 2015 ഏപ്രില്‍ 16ന് കൌണ്‍സില്‍ വീണ്ടും സമ്മേളിക്കുമെന്ന് സീറോ മലബാര്‍ സഭ ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍